തിരുവനന്തപുരം: കെ എസ് ഇ ബി (KSEB)യിൽ ചെയർമാനും യൂണിയൻ നേതാക്കളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന വൈദ്യുതി ഭവൻ വളയൽ സമരത്തെ അച്ചടക്കത്തിന്‍റെ വാളോങ്ങി ചെയർമാൻ നേരിടാൻ തീരുമാനിച്ചതോടെ സമവായം നീളുമെന്നുറപ്പാണ്. ഇന്നലെ തന്നെ ഉപരോധ സമരത്തിന് അനുമതി നിഷേധിച്ച് ചെയർമാൻ ഉത്തരവിറക്കിയിരുന്നു. ചെയർമാനെതിരായ ആരോപണം ലേഖനത്തിൽ ആവർത്തിച്ചതിന്‍റെ പേരിൽ അസോസിയേഷൻ പ്രസിഡന്‍റ് എം ജി സുരേഷ് കുമാറിനെതിരെ വീണ്ടും നടപടിക്കുള്ള ആലോചനയും മാനേജ്മെന്‍റ് തലത്തിൽ നടക്കുന്നതും പ്രശ്നം രൂക്ഷമാക്കുന്നുണ്ട്.
കെഎസ്ഇബിയിലെ തർക്കം ഒരാഴ്ച പിന്നിടുമ്പോഴും പ്രശ്ന പരിഹാരത്തിനുള്ള സൂചനകളൊന്നുമില്ലെന്നതാണ് യാഥാർത്ഥ്യം. സമരം ചെയ്യുന്ന ഓഫീസേഴ്സ് അസോസിയേഷനുമായി ഇപ്പോഴും നേരിട്ടുള്ള ചർച്ചക്ക് വൈദ്യുതി മന്ത്രി ഒരുക്കമല്ല. സി ഐ ടി യു, ഐ എൻ ടി യു സി, എ ഐ ടി യു സി യൂണിയനുകളുമായി മാത്രമാണ് മന്ത്രി ഇന്ന് ചർച്ച നടത്തുകയെന്നാണ് സൂചനകൾ. ഇന്നത്തെ മന്ത്രിയുടെ ചർച്ച പ്രധാനമായും ലൈൻമാൻമാരുടെ നിയമനത്തിലെ തർക്കത്തെ കുറിച്ചാണ്.
അതേസമയം വൈദ്യുതി ഭവന് മുന്നിൽ സമരം തുടരുന്ന ഓഫീസേഴ്സ് അസോസിയേഷൻ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനുള്ള തീരുമാനത്തിലാണ്. ഇന്ന് ആയിരം പേരെ അണിനിരത്തി വൈദ്യതി ഭവൻ വളയാനാണ് തീരുമാനം. സമരം തീർക്കാനുള്ള ഉത്തരവാദിത്തം മാനേജ്മെൻ്റിനാണെന്നാണ് സമരക്കാരുടെ നിലപാട്.
കെഎസ്ഇബിയിൽ സ്ഥിതി വഷളാകുന്നു; വൈദ്യുതി ഭവൻ വളയലിലുറച്ച് സമരക്കാർ, കർശന നടപടിയെന്ന് ചെയർമാൻ, ചർച്ചക്ക് മന്ത്രി
Image Slide 3
Image Slide 3