ഹരിത വിഷയത്തില്‍ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുളള മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ എംപിയുടെ ശബ്ദ രേഖ പുറത്ത്. ലൈംഗീക അധിക്ഷേപ പരാതിയില്‍ പികെ നവാസിനെതിരെ നടപടി വേണം. ഹരിത നേതാക്കളെ പുറത്താക്കിയത് ശരിയായില്ലെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു. ഇ ടി മുഹമ്മദ് ബഷീർ സംസ്ഥാന നേതാക്കളോട് സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തു വന്നത് .
ശബ്ദരേഖയിൽ പറയുന്നത്,
“മുമ്പ് തന്നെ ഹരിത വിഷയത്തിലുളള നിലപാട് താന്‍ വ്യക്തമാക്കിയതാണ്. പക്ഷെ അന്ന് നവാസിനെ പുറത്താക്കിയില്ല. നവാസിനെ പുറത്താക്കിയിരുന്നെങ്കിൽ ഹരിത നേതാക്കള്‍ പരസ്യ പ്രതികരണത്തിന് പോവില്ലായിരുന്നു. ഹരിതയിലെ പെണ്‍കുട്ടികളെ പുറത്താക്കാന്‍ പാടില്ലായിരുന്നു. പികെ നവാസ് വന്ന വഴി ശെരിയല്ല. ഹരിത എംഎസ്എഫുമായി തെറ്റി, ഇതിനെല്ലാം കാരണം പികെ നവാസാണ്. ഇനി സംഘടന നന്നാവണമെങ്കില്‍ നവാസിനെ മാറ്റി നിര്‍ത്തുകയാണ് വേണ്ടത്.ഇതിനെല്ലാം കാരണം പി കെ നവാസാണ്”.
കഴിഞ്ഞ ദിവസം സമസ്ത വേദിയില്‍ നിന്നും വിദ്യാര്‍ത്ഥിനിയെ ഇറക്കിവിട്ട നടപടി ചര്‍ച്ച ചെയ്യാൻ ഉന്നതാധികാര സമിതി കോഴിക്കോട് ചേര്‍ന്നിരുന്നു. ഈ വിഷയത്തിൽ പികെ നവാസിന്റെ ഫേസ്ബുക്ക് കുറിപ്പിനെക്കുറിച്ചും ഉന്നതാധികാര സമിതിയിൽ വിമര്‍ശനമുയര്‍ന്നിരുന്നു. ഹരിത വിഷയം ഇത്രയധികം വഷളാക്കിയത് പികെ നവാസാണെന്നും വിമര്‍ശനമുയർന്നതായാണ് റിപ്പോർട്ട്.പികെ നവാസിനെതിരെ വനിതാ കമ്മീഷന് ലൈംഗീക അധിക്ഷേപ പരാതി നല്‍കിയ നടപടിക്ക് പിന്നാലെ ഹരിത സംസ്ഥാന കമ്മറ്റി മുസ്ലീംലീഗ് നേതൃത്വം പിരിച്ച് വിട്ട് പുതിയ ഹരിത കമ്മിറ്റി രൂപീകരിച്ചിരുന്നു. കടുത്ത അച്ചടക്ക ലംഘനമാണ് ഹരിത നേതൃത്വം നടത്തിയത്. പാര്‍ട്ടി അച്ചടക്കം ഹരിത നേതാക്കള്‍ തുടര്‍ച്ചയായി ലംഘിച്ചുകൊണ്ടിരിക്കുകയാണെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം മുമ്പ് പറഞ്ഞിരുന്നു.പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എംപി, എംപി അബ്ദുസമദ് സമദാനി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് ഹരിതയെ പിരിച്ചുവിടാന്‍ തീരുമാനമുണ്ടായത്. പി കെ നവാസ് അടക്കമുള്ള എംഎസ്എഫ് നേതാക്കള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന നിലപാടില്‍ ഉറച്ചായിരുന്നു ഹരിത നേതാക്കള്‍.