സൂര്യന് ചുറ്റും മഴവില്ല് നിറത്തോടെ അത്ഭുത വലയം. അപൂർവമായി സംഭവിക്കുന്ന 22 ഡിഗ്രി സർക്കുലർ ഹാലോ എന്ന പ്രതിഭാസമാണ് കാഴ്ചക്കാർക്ക് അത്ഭുത വലയം സമ്മാനിച്ചത്.
വ്യാഴം പകൽ 11.30ന് വയനാട്ടിലെ ഉയർന്ന പ്രദേശങ്ങളിൽ ഈ പ്രതിഭാസം ദൃശ്യമായി. അരമണിക്കൂറിൽ അധികം ഈ കാഴ്ച നിലനിന്നു. സൂര്യന്റെയോ ചന്ദ്രന്റെയോ ഇടയിൽ 22- ഡിഗ്രി വൃത്താകൃതിയിൽ പ്രഭാവലയം രൂപപ്പെടുന്നതാണ് 22 ഡിഗ്രി സർക്കുലർ ഹാലോ.
സൂര്യനിൽ നിന്നോ ചന്ദ്രനിൽ നിന്നോ ഉള്ള കിരണങ്ങൾ സിറസ് മേഘങ്ങളിൽ കാണപ്പെടുന്ന ഷഡ്ഭുജ ആകൃതിയിലുള്ള ഐസ് പരലുകൾ വഴി പ്രതിഫലിക്കുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്.
ഐസ് ക്രിസ്റ്റലിന്റെ ഒരു വശത്ത് പ്രകാശം പ്രവേശിച്ച് മറ്റൊരു വശത്തിലൂടെ പുറത്ത് കടക്കുമ്പോൾ 22 ഡിഗ്രി ഹാലോ രൂപപ്പെടുന്നു. മൂൺ റിങ്, വിന്റർ ഹാലോ തുടങ്ങിയ പേരുകളിലും ഈ പ്രതിഭാസം അറിയപ്പെടുന്നു. 2020 മെയ് എട്ടിന് വയനാട്ടിലും പിന്നീട് 2021 ജൂൺ രണ്ടിന് ഹൈദരാബാദിലും 22 ഡിഗ്രി സർക്കുലർ ഹാലോ ദൃശ്യമായിരുന്നു.