പാനൂർ: ഭക്ഷ്യസുരക്ഷാ വകുപ്പും, മലിനീകരണ നിയന്ത്രണ ബോർഡും നടത്തിയ പരിശോധനയിൽ വൃത്തിഹീനമായി പ്രവൃത്തിച്ച ചമ്പാട് “തൃപ്തി “കോഴിയിറച്ചിക്കടയ്ക്ക് പൂട്ടിട്ടു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കോഴിയിറച്ചി മാലിന്യങ്ങൾ കടയിലാകെ വാരി വലിച്ചിട്ട രീതിയിലായിരുന്നു. അറവുമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി.ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതുവരെ കട അടച്ചിടാനും നിർദേശിച്ചു. കോഴിക്കടകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാർഗരേഖ പുറത്തിറങ്ങി 10 മാസമായിട്ടും മിക്ക കടകളും മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നത് എന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് മിന്നൽ പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും. മാലിന്യങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്ന അംഗീകൃത റെൻഡറിങ് പ്ലാന്റിനു തന്നെ നൽകണമെന്ന നിർദ്ദേശം പാലിക്കാത്ത ഷോപ്പുകൾക്കെതിരെയും നടപടിയെടുക്കും.