തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്, പ്ലസ് ടു മൂല്യനിർണയം കഴിഞ്ഞ ഉത്തരക്കടലാസുകൾ ഇനി മൂല്യനിർണയ ക്യാന്പുകളിൽ സൂക്ഷിക്കുക ഒരു വർഷം. നിലവിൽ രണ്ടുവർഷം വരെയായിരുന്നു ഉത്തരക്കടലാസ് സൂക്ഷിച്ചുവന്നിരുന്നത്.എന്നാൽ മൂല്യനിർണയം കഴിഞ്ഞ ഉത്തരക്കടലാസുകൾ കൂടുതൽ കാലം സൂക്ഷിക്കുന്നത് ക്യാന്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കു കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും ഇതേ തുടർന്നാണ് ഇത്തരമൊരു തീരുമാനമെന്നും ഹയർസെക്കൻഡറിയുടെ ഇന്നലെ പുറത്തിറക്കിയ പരീക്ഷാ മാനുവലിൽ വ്യക്തമാക്കുന്നു.ഉത്തരക്കടലാസിന്റെ പുനർമൂല്യനിർണയത്തിലും കൂടുതൽ മാറ്റം വരുത്തി. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്ന ഉത്തരക്കടലാസുകൾ ഇരട്ടമൂല്യനിർണയത്തിനു വിധേയമാക്കും.അത്തരത്തിൽ ലഭിക്കുന്ന സ്കോറുകൾ പരമാവധി മാർക്കിന്റെ 10 ശതമാനത്തിൽ താഴെയാണെങ്കിൽ അത്തരത്തിൽ ലഭ്യമായ രണ്ടു സ്കോറുകളുടെയും ശരാശരിയായിരിക്കും വിദ്യാർഥിക്കു ലഭിക്കുക. . വ്യത്യാസം 10 ശതമാനമോ അതിൽകൂടുതലോ ആണെങ്കിൽ മൂന്നാമതും മൂല്യനിർണയത്തിനു വിധേയമാക്കുകയും അതിൽ ലഭിക്കുന്ന സ്കോറും ഇരട്ടമൂല്യനിർണയത്തിലൂടെ ലഭിക്കുന്ന സ്കോറുകളുമായി ഏറ്റവും അടുത്തുള്ള സ്കോറിന്റെയും ശരാശരി നൽകുകയും ചെയ്യും.
പുനർമൂല്യനിർണയത്തിൽ ലഭിക്കുന്ന സ്കോർ വിദ്യാർഥിക്ക് ആദ്യം ലഭിച്ച സ്കോറിനെക്കാൾ ഒരു സ്കോറെങ്കിലും അധികമാണെങ്കിൽ അതു ലഭ്യമാക്കും. കുറവാണെങ്കിൽ ആദ്യം ലഭിച്ചത് നിലനിർത്തും.ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷാ നടപടിക്രമങ്ങളും എളുപ്പത്തിലാക്കി. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട സത്യവാങ്മൂലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് നൽകണമെന്ന വ്യവസ്ഥയിൽ ഇളവ് വരുത്തി നോട്ടറിയിൽനിന്നുള്ള സത്യവാങ്മൂലം മതിയെന്നാക്കിയിട്ടുണ്ട്.കന്പാർട്ട്മെന്റൽ വിദ്യാർഥികൾക്കു വിജയിക്കാനാകാത്ത വിഷയങ്ങൾക്ക് ഒന്നാം വർഷമോ രണ്ടാം വർഷമോ വിദ്യാർഥിയുടെ താത്പര്യമനുസരിച്ച് രജിസ്റ്റർ ചെയ്ത് പരീക്ഷ എഴുതാം. ഒന്നാം വർഷ പരീക്ഷയാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ രണ്ടാം വർഷത്തെ ഉയർന്ന സ്കോറും രണ്ടാം വർഷ പരീക്ഷയാണു രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ഒന്നാം വർഷത്തെ ഉയർന്ന സ്കോറും നിലനിർത്തുന്നതായിരിക്കും.
നിലവിൽ ഒന്നാം വർഷവും രണ്ടാം വർഷവും നിർബന്ധമായും എഴുതണമായിരുന്നു.രണ്ടാംവർഷ തീയറി പരീക്ഷ എഴുതിയ ഒരു വിദ്യാർഥിക്ക് എന്തെങ്കിലും കാരണത്തിൽ പ്രായോഗിക പരീക്ഷ എഴുതാൻ സാധിക്കാതെ വന്നാൽ ആ വിദ്യാർഥിക്കു സേ പരീക്ഷയിൽ പ്രായോഗിക പരീക്ഷ മാത്രമായി എഴുതാം.ഹയർ സെക്കൻഡറി ചോദ്യപേപ്പർ തയാറാക്കുന്നതിനായി അധ്യാപകരുടെ പൂൾ രൂപീകരിക്കും. അതിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകരുടെ പാനലിൽ നിന്നായിരിക്കും ചോദ്യപേപ്പർ തയാറാക്കാനായി അധ്യാപകരെ നിയോഗിക്കുക.പ്രായോഗിക പരീക്ഷ ഉള്ള വിഷയങ്ങളിൽ ലഭ്യമാകുന്ന സ്കോർ സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്ന പശ്ചാത്തലത്തിൽ പ്രായോഗിക പരീക്ഷ കുറ്റമറ്റ രീതിയിൽ നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധ്യാപകരെ ഉൾപ്പെടുത്തി പ്രാക്ടിക്കൽ പരീക്ഷ മോണിറ്ററിംഗ് സ്ക്വാഡ് രൂപീകരിക്കും.