കൊട്ടിയൂർ∙ പാൽച്ചുരത്ത് വ്യാപാര സ്ഥാപനത്തിന്റെ ജനാല ചില്ലുകൾ രാത്രിയിൽ അടിച്ചു തകർത്തു. കന്നുകുഴിയിൽ റെജിയുടെ ഉടമസ്ഥതയിൽ ഉള്ള കെപിജെ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന് നേരെ ആണ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച അർധരാത്രിയോടെ ബൈക്കിൽ എത്തിയ സംഘമാണ് കടയുടെ ജനൽ ചില്ലുകൾ അടിച്ചു തകർത്തത്. കെട്ടിടത്തിന്റെ മുകളിലെ നിലയിൽ താമസിച്ചിരുന്നവർ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ അക്രമി സംഘം കടന്നു കളഞ്ഞു. കേളകം പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.ഏതാനും വർഷങ്ങളായി കൊട്ടിയൂരിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ആക്രമണങ്ങൾ പതിവാകുന്നു എങ്കിലും ഈ സംഭവങ്ങളിലെ പ്രതികളെ പിടി കൂടുന്നതിന് അന്വേഷണ ഏജൻസികൾക്ക് സാധിച്ചിട്ടില്ല. 2019നവംബറിൽ കൊട്ടിയൂർ ടൗണിലെ ഒരു പ്രമുഖ വ്യാപാര സ്ഥാപനത്തിന് തീ വച്ച് നശിപ്പിച്ചിരുന്നു. പല കച്ചവട സ്ഥാപനങ്ങളിലും മോഷണം നടന്നിട്ടുണ്ട്.ഇതിൽ പല സംഭവങ്ങളുടെയും സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടു പോലും പ്രതികളെ പിടി കൂടാൻ സാധിച്ചിട്ടില്ല എന്ന് കൊട്ടിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജി തോമസ്, വൈസ് പ്രസിഡന്റ് എം.എം.സണ്ണി, സെക്രട്ടറി എം.എ.രാജേഷ്, ട്രഷറർ സി.കെ.വിനോദ് എന്നിവർ ആരോപിച്ചു. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്നിൽ നാട്ടിൽ അരാജകത്വം വിതയ്ക്കുന്ന ശക്തികൾ ആണെന്നും അവരെ ഉടൻ കണ്ടെത്തി പിടി കൂടണം എന്നും സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.