2017 ജൂലൈയിൽ കേരള വനിതാ കമ്മീഷന് തങ്ങൾ നൽകിയ പരാതി അഞ്ചു വർഷങ്ങൾക്കിപ്പുറം പരിഗണിച്ചതിന്റെ സന്തോഷത്തിലാണ് സൂര്യനെല്ലി കേസിലെ അതിജീവിതയുടെ രക്ഷിതാക്കൾ. മുൻ അന്വേഷണ ഉദ്യോഗസ്ഥനും ഐജിയുമായിരുന്ന സിബി മാത്യൂസ് ‘നിര്‍ഭയം’ എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകത്തിൽ പെൺകുട്ടിയെക്കുറിച്ച് അപകീർത്തികരമായ പരാമര്‍ശം നടത്തി എന്നായിരുന്നു കുടുംബത്തിന്റെ പരാതി. പരാതി ലഭിച്ചെന്നും ഇതിന്‍റെ അടിസ്ഥാനത്തില്‍ തുടർനടപടികൾ സ്വീകരിക്കുമെന്നും വനിതാ കമ്മിഷന്‍ അറിയിച്ചു2017 ജൂലൈയിൽ എം സി ജോസഫൈൻ അദ്ധ്യക്ഷയായിരുന്ന കാലത്താണ് പെൺകുട്ടിയും കുടുംബവും വനിതാ കമ്മീഷനെ സമീപിച്ചത്. പെൺകുട്ടിക്ക് ഇപ്പോൾ 41 വയസായി. പരാതിയിൽ പറഞ്ഞിരിക്കുന്ന പുസ്തകം എഴുതിയ ആൾ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനാണെന്ന് ചൂണ്ടിക്കാട്ടി പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ജോസഫൈൻ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇക്കഴിഞ്ഞ തിങ്കളാഴ്ച കെ.ഡബ്ല്യു.സി ചെയർപേഴ്‌സൺ പി. സതീദേവിയുടെ ഓഫീസിൽ നിന്ന് അറിയിപ്പെത്തിയപ്പോൾ ഇവർക്ക് ആദ്യം അമ്പരപ്പാണ് ഉണ്ടായത്.
”2017 ജൂലൈ 6 നു നൽകിയ പരാതി സംബന്ധിച്ച് പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് കെ.ഡബ്ല്യു.സിയിൽ നിന്ന് ഒരു കത്ത് ലഭിച്ചു. പരാതിയുമായി മുന്നോട്ടു പോകണമെങ്കിൽ പത്തു ദിവസത്തിനകം വനിതാ കമ്മീഷനുമായി ബന്ധപ്പെടാനും അറിയിച്ചിട്ടുണ്ട്. കമ്മീഷൻ പരാതി പരിഗണിച്ചതിൽ അവർ സന്തുഷ്ടരാണ്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി എസ് ധർമരാജന് ജാമ്യം അനുവദിച്ചതിനെതിരായ അപ്പീൽ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ കേസിൽ ഇപ്പോഴും വിചാരണ തുടരുകയാണ്”, കുടുംബത്തോട് അടുത്ത ചില വൃത്തങ്ങൾ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പെൺകുട്ടിയെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങളും അപകീർത്തിപരമായ ചില പ്രസ്താവനകളും സിബി മാത്യൂസ് തന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു. 1996 മുതൽ സംഘർഷഭരിതമായ ജീവിതത്തിലൂടെയാണ് പെൺകുട്ടിയും കുടുംബവും കടന്നുപോകുന്നത്. അവളുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് തങ്ങൾക്ക് കൂടുതൽ അപമാനമുണ്ടാക്കിയെന്നും കുടുംബം പറയുന്നു.
“കഴിഞ്ഞ നാല് വർഷത്തിനിടയിൽ, വനികാ കമ്മീഷനിൽ നിന്ന് ഇതേക്കുറിച്ച് ഒരറിയിപ്പും ലഭിച്ചിരുന്നില്ല. മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടു കാരണം പിന്നീട് അതിന്റെ പിന്നാലെ പോയതുമില്ല. പുസ്തകം ഇപ്പോഴും പ്രചാരത്തിലുണ്ട്. വായനക്കാരും നിയമ വിദ്യാർത്ഥികളും ഇത് ഒരു ഔദ്യോഗിക ചരിത്ര രേഖയായി ഏറ്റെടുക്കും. അത് ഈ കുടുംബത്തെ കൂടുതൽ മോശമായ അവസ്ഥയിലേക്ക് എത്തിക്കും. അതിനാൽ, പ്രചാരത്തിലുള്ള പകർപ്പുകൾ പിൻവലിക്കുകയും തുടർന്നുള്ള പതിപ്പുകളിൽ കുടുംബത്തെയും അതിജീവിതയെയും മോശമായി ചിത്രീകരിച്ചിരിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കുകയും ചെയ്യണം”, കുടുംബ വൃത്തങ്ങളിലൊരാൾ കൂട്ടിച്ചേർത്തു.
ഇടുക്കിയിലെ സൂര്യനെല്ലി സ്വദേശിയായ16 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസ് 1996-ലാണ് രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും പരാതിയിൽ പറയുന്നു. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി നാൽപതു ദിവസത്തിനിടെ നാൽപത്തിയഞ്ചു പേർ ചേർന്ന് ബലാത്സംഗം ചെയ്‌തെന്നും പരാതിക്കാർ ആരോപിച്ചിരുന്നു.