കാസർകോട്: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ് യുവ ഡോക്ടർ മരിച്ചു. കാസർകോട് റെയിൽവേ സ്റ്റേഷനിൽവെച്ചാണ് സംഭവം. തമിഴ്നാട് ചിദംബരം സ്വദേശിയായ കെ സിദ്ദാർഥ് (24) ആണ് മരിച്ചത്.ഞായറാഴ്ച വൈകുന്നേരം 5 30 ഓടെ ആയിരുന്നു അപകടം. മംഗളുരുവിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് സിദ്ദാർഥ്.മംഗളുരുവിൽനിന്ന് ചെന്നൈയിലേക്ക് പോയ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു സിദ്ദാർഥ്. അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ട്രെയിൻ കാസർകോട് സ്റ്റേഷനിലെത്തിയപ്പോൾ ചായ വാങ്ങാൻ വേണ്ടിയാണ് ഇദ്ദേഹം പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയത്. ചായ വാങ്ങി കാശ് നൽകുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങുകയായിരുന്നു. ഇതുകണ്ട് ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി പാളത്തിലേക്ക് വീഴുകയായിരുന്നു.സിദ്ദാർഥ് ട്രെയിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിയത് കണ്ട് സ്റ്റേഷനിലുണ്ടായിരുന്നവർ ബഹളം വെക്കുകയും ആർപിഎഫുകാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയും ചെയ്തു. ഉടൻ തന്നെ സിദ്ദാർഥിനെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.