പയ്യന്നൂര്‍: അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവും നേരം ഇരുട്ടിവെളുക്കുമ്പോഴേക്കും കാണാതാവുന്നു. പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ മൂന്നാംനാള്‍ ചേമ്പിലയില്‍ പൊതിഞ്ഞ് അതേ ആഭരണങ്ങള്‍ ഉടമയുടെ വീട്ടിനു മുന്നിലെ ഗേറ്റില്‍ കൊണ്ടു വച്ച് മോഷ്ടാവ് മാതൃകയാവുന്നു. പരിശോധനയില്‍ ഒരു മോതിരത്തിന്റെ കുറവ് കണ്ട് വീണ്ടും ഉടമ പരാതിയുമായി പോലീസിനെ സമീപിക്കുന്നു.
അന്വേഷണ ഘട്ടത്തില്‍ പയ്യന്നൂര്‍ പോലീസിലെ മൂന്ന് ഉദ്യോഗസ്ഥരെ മാറ്റുന്നു. ഇതിനിടയില്‍ മോഷണത്തിന്റെ നിര്‍ണായക തെളിവുമായി ഒരു വോയ്‌സ് റെക്കോര്‍ഡ് കൂടി ലഭിക്കുന്നു. ദുരൂഹതയുള്ള മോഷണക്കേസിന്റെ ചുരുളയിക്കാന്‍ പോലിസ് മേധാവിയെ സമീപിക്കുകയാണ് പരാതിക്കാരി.
ഇക്കഴിഞ്ഞ ജൂലൈ മാസം 19ന് രാത്രിയാണ് സംഭവം. കോറോം കാനായിയിലെ രാഘവന്റെ ഭാര്യ മംഗലശ്ശേരി വീട്ടില്‍ കാര്‍ത്യായനി(65)യുടെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. രണ്ടുപവന്‍ തൂക്കമുള്ള മാല, രണ്ടുപവന്റെ സ്വര്‍ണവള, അരപവന്റെ മോതിരം എന്നിങ്ങനെ നാലര പവനോളം ആഭരണങ്ങളാണ് പിറ്റേന്ന് രാവിലെ നോക്കിയപ്പോള്‍ കാണാതായത്.
അന്വേഷണത്തിൽ വീഴ്ചയെന്ന് ആരോപണം
പരാതിയില്‍ സംശയിക്കുന്ന മോഷ്ടാവിനെപ്പറ്റിയും അവര്‍ സൂചിപ്പിച്ചിരുന്നെങ്കിലും പോലീസ് അന്വേഷണം വേണ്ടവിധത്തിലുണ്ടായില്ല. ആറുമാസം മുമ്പ് സമാന രീതിയില്‍ മോഷണം നടന്നതും കാര്‍ത്യായനി പരാതിയില്‍ പറയുന്നുണ്ട്. അന്ന് മുക്കാല്‍ പവന്റെ സ്വര്‍ണ മോതിരവും മൂന്നുമാസം മുമ്പ് മകളുടെ ഒന്നരവയസുള്ള കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന മുക്കാല്‍പവന്റെ മാലയും നഷ്ടപ്പെട്ട വിവരവും പരാതിയിലുണ്ടായിരുന്നു.
ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥരെ ഇതിനിടയില്‍ മൂന്നുപ്രാവശ്യം മാറ്റിയത് സംശയമുണ്ടാക്കുന്നതായും പരാതിക്കാര്‍ ആരോപിക്കുന്നു. തന്റെ വീട്ടില്‍നിന്നും നഷ്ടമായ മറ്റ് ആഭരണങ്ങളുള്‍പ്പെടെ കണ്ടെത്തി നല്‍കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.
ഇതിനിടയിലാണ് പരാതിയില്‍ സംശയിക്കുന്നതായി ചൂണ്ടിക്കാണിച്ച വ്യക്തിതന്നെയാണ് മോഷണം നടത്തിയതെന്ന് സ്വമേധയാ സമ്മതിക്കുന്ന സംഭാഷണങ്ങളുള്‍പ്പെടെ ലഭിച്ചത്. ഇതുമായി ജില്ലാ പോലിസ് മേധാവിയുടെ ശ്രദ്ധയില്‍പെടുത്താനാണ് പരാതിക്കാരുടെ അടുത്ത നീക്കം.