/
8 മിനിറ്റ് വായിച്ചു

വാക്സീൻ എടുക്കാത്തവർക്ക് സൗജന്യ കൊവിഡ് ചികിത്സയില്ല, നിയന്ത്രണങ്ങളിൽ ഇളവ് വേണ്ടെന്നും തീരുമാനം

തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വേണ്ടെന്ന് തീരുമാനം. ഇന്ന് ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം. ഒമിക്രോണിനെതിരെ ജാഗ്രത കർശനമാക്കാനും അവലോകന യോഗം ധാരണയിലെത്തി.അതേസമയം വാക്സീൻ എടുക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാപനത്തിലെത്താൻ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. കൃത്യമായ ഇടവേളകളിൽ സ്വന്തം ചെലവിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തണം. ഇതിന് പുറമെ വാക്സീൻ എടുക്കാത്തവർക്ക് സൗജന്യ കൊവിഡ് ചികിത്സ നൽകേണ്ടെന്നും തീരുമാനമുണ്ട്.

അധ്യാപകർക്കെതിരെ നടപടി

വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഇന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. ഇതിനായി വാക്സീൻ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരും അനധ്യാപകരും വാക്സീൻ എടുക്കണം. വാക്സീൻ എടുക്കാത്തവർ ക്യാമ്പസിന് അകത്ത് പ്രവേശിക്കേണ്ടതില്ലെന്നാണ് മാർഗരേഖ. മാർഗരേഖ കർശനമായി നടപ്പിലാക്കും. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ആരോഗ്യസമിതിയുടെ റിപ്പോർട്ട് വാങ്ങണം. വാക്സീൻ എടുക്കാത്ത അധ്യാപകരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. 5000 പേർക്ക് മാത്രം ഈ തീരുമാനം ലംഘിക്കാൻ ആകില്ല. വിദ്യാഭ്യാസ രംഗത്ത് നേരത്തെ ജാഗ്രത പുലർത്തിയതാണെന്നും മന്ത്രി പറഞ്ഞു. വാക്സീൻ എടുക്കാത്തവർ മൂലം സമൂഹത്തിൽ ഒരു ദുരന്തമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!