2023ലെ നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. ആവശ്യമായ വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നയപ്രഖ്യാപനം എപ്പോള്‍ നടത്തണമെന്ന് പിന്നീട് തീരുമാനിക്കും. ബജറ്റിന് മുന്‍പ് നയപ്രഖ്യാപനം ഇല്ലെങ്കിലും അതിന് ശേഷം വേണ്ടിവരും.
ജനുവരി പകുതിയോടെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഇന്നലെ അവസാനിച്ച സമ്മേളനത്തിന്‍റെ തുടര്‍ച്ചയാകും. കലണ്ടര്‍ വര്‍ഷത്തെ ആദ്യ നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്നതാണ് പതിവ്. എന്നാല്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ച ഗവര്‍ണറെ കൊണ്ട് നയം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നേരത്തെയും നയപ്രഖ്യാപന പ്രസംഗം എന്ന അവസരം മുതലെടുത്ത് സര്‍ക്കാരിനെ ഗവര്‍ണര്‍ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. ഇപ്പോഴും കേന്ദ്രസര്‍ക്കാരിന് എതിരെയുള്ള വിമര്‍ശനങ്ങള്‍ അടങ്ങിയ നയപ്രഖ്യാപനം ഗവര്‍ണര്‍ അത്ര എളുപ്പം ഒപ്പിടുമെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നില്ല. അഥവാ ഒപ്പിട്ടാല്‍ തന്നെ അത് അതേപടി വായിക്കാനും ഇടയില്ല. ഇക്കാരണങ്ങളാല്‍ ആയിരുന്നു നയപ്രഖ്യാപനം പ്രസംഗം നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നത്.