ഇരിട്ടി ∙ തില്ലങ്കേരിയിൽ വാഹന പരിശോധനയ്ക്കിടെ മുഴക്കുന്ന് പൊലീസ് 2 കോടി രൂപ വിലയുള്ള ആംബർഗ്രിസ് (തിമിംഗല ചർദ്ദി) പിടികൂടി. ഒരാൾ അറസ്റ്റിലായി. കൂടെ ഉണ്ടായിരുന്ന മറ്റു 2 പേർ ഓടി രക്ഷപ്പെട്ടു. തില്ലങ്കേരി അരീച്ചാൽ സ്വദേശി ദിഖിൽ നിവാസിൽ ദിൻരാജി (28) നെയാണ് മുഴക്കുന്ന് പ്രിൻസിപ്പൽ എസ്ഐ എൻ.പി.രാഘവന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2.130 കിലോഗ്രാം ആംബർഗ്രിസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ 2 ന് തില്ലങ്കേരി തെക്കംപൊയിലിൽ വാഹന പരിശോധനയ്ക്കിടെ, കാറിൽ സഞ്ചരിക്കുകയായിരുന്ന ദിൻരാജിന്റെ കയ്യിലെ ബാഗ് പരിശോധിച്ചപ്പോഴാണ് ഉള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ആംബർഗ്രിസ് കണ്ടെടുത്തത്.രക്ഷപ്പെടാൻ ശ്രമിച്ച ദിൻരാജിനെ പൊലീസ് ഓടിച്ചിട്ട് പിടിച്ചെങ്കിലും മറ്റു 2 പേർ കാറിൽ രക്ഷപ്പെട്ടു.പിടിയിലായ ആംബർഗ്രിസിന് വിപണിയിൽ 2 കോടി രൂപയിൽ അധികം വില വരുമെന്നു പൊലീസ് പറഞ്ഞു. ഗ്രേഡ് എസ്ഐ എം.ജെ.സെബാസ്റ്റ്യൻ, എഎസ്ഐ ജയരാജൻ, സിവിൽ പൊലീസ് ഓഫിസർ സന്തോഷ് എന്നിവരും ആംബർഗ്രിസ് പിടിച്ച പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. ദിൻരാജിനെ മട്ടന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 17 വരെ റിമാൻഡ് ചെയ്തു.നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കേസ് വനം വകുപ്പിനു കൈമാറും.തുടരന്വേഷണം നടത്തേണ്ടത് വനംവകുപ്പ് ആണ്.ഉളിയിൽ സ്വദേശി അഷ്റഫും സുഹൃത്തുമാണ് കാറിൽ രക്ഷപ്പെട്ടതെന്നും തില്ലങ്കേരിയിലെ സരീഷിന് നൽകാൻ കൊണ്ടു പോകുകയായിരുന്നെന്നുമാണ് ദിൻരാജ് പൊലീസിന് മൊഴി നൽകിയത്. കെഎൽ – 58 എക്സ് 283 ഗ്രേ കളർ കാറിലാണ് കടത്തിയതെന്നും ഈ കാറിലാണ് ഒപ്പം ഉണ്ടായിരുന്നവർ രക്ഷപ്പെട്ടതെന്നും പ്രിൻസിപ്പൽ എസ്ഐ എൻ.പി.രാഘവൻ അറിയിച്ചു.
∙ ആംബർഗ്രിസ്
തിമിംഗലങ്ങളുടെ കുടലിൽ ദഹന പ്രക്രിയകൾക്ക് ഇടയിൽ രൂപപ്പെടുന്ന പ്രകൃതിദത്ത ഉൽപന്നമാണ് ആംബർഗ്രിസ് എന്നു അറിയപ്പെടുന്ന തിമിംഗല ഛർദ്ദിൽ. നല്ല മണം ഉണ്ട്. സുഗന്ധ വസ്തുക്കൾ നിർമിക്കുന്നതിനായി ഉപയോഗിക്കുന്ന ആംബർഗ്രിസിന് വിപണിയിൽ വൻ വൻ വിലയാണ്. ഇന്ത്യയിൽ ഇതിന്റെ വിൽപനയ്ക്ക് നിരോധനം ഉണ്ട്. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്‌ഷൻ 50 പ്രകാരം ഇത് രാജ്യത്തെവിടെയും വിൽപന നടത്തുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമാണ്. ബയോളജിക്കൽ ഡൈവേഴ്സിറ്റി ആക്ട് 55(1) 2002 പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.