തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു.ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി സുരേഷ് കുമാറാണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സുരേഷ് കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരുവല്ലം ജഡ്ജിക്കുന്ന് സ്ഥലത്തെത്തിയ ദമ്പതികളെ ആക്രമിച്ച് പണം വാങ്ങുകയും സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിലാണ് സുരേഷ് അടക്കം അഞ്ചുപേരെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയോടെ റിമാന്‍റ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് നെഞ്ചവേദന അനുഭവപ്പെടുന്നതായി സുരേഷ് പറഞ്ഞതെന്ന് പൊലീസ് വിശദീകരിച്ചു. തുടര്‍ന്ന് ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയിലും അനന്തപുരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുരേഷിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് പൊലീസ് വിശദീകരിക്കുമ്പോഴും ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് സുരേഷ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.