തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുതിർന്ന നേതാക്കൾക്കെതിരെ ഒളിയമ്പുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ‘ആരും പ്രസ്ഥാനത്തിന് മുകളിലല്ല, ആരും ഒഴിച്ചുകൂടാൻ പറ്റാത്തവരുമല്ല. കോൺഗ്രസ് വികാരം നഷ്ടപ്പെട്ടാൽ ആരും ഒന്നുമല്ല എന്ന തിരിച്ചറിവ് ഉണ്ടാവണം’-സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലിനെ പരാജയപ്പെടുത്തിയാണ് യുഡിഎഫ് തലശ്ശേരി സഹകരണ ആശുപത്രി ഭരണം പിടിച്ചത്. കെ. സുധാകരൻ നേരിട്ടാണ് യുഡിഎഫിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.പുതിയ നേതൃത്വത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ തയ്യാറാവാത്ത ഉമ്മൻചാണ്ടി, ചെന്നിത്തല തുടങ്ങിയ നേതാക്കൾക്കുള്ള താക്കീത് കൂടിയാണ് സുധാകരന്റെ പ്രസ്താവന. മുതിർന്ന നേതാക്കൾക്ക് കീഴടങ്ങി മുന്നോട്ടുപോവാനില്ലെന്ന ഉറച്ച നിലപാടിലാണ് സുധാകരൻ.