///
17 മിനിറ്റ് വായിച്ചു

തോട്ടടയിലെ ബോംബ് ആക്രമണം; ഒളിവിൽ പോയ മിഥുൻ കീഴടങ്ങി

കണ്ണൂർ: കണ്ണൂർ തോട്ടടയില്‍ കല്യാണ പാർട്ടിക്കിടെ ബോംബ് സ്ഫോടനത്തിൽ  ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷിച്ച മിഥുൻ കീഴടങ്ങി. എടയ്ക്കാട് സ്റ്റേഷനിലാണ് മിഥുൻ  ഹാജരായത്. മിഥുനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ബോംബേറിൽ മിഥുന് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ള ട്രാവലർ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന ദിവസം പ്രതികൾ സംഭവ സ്ഥലത്തേക്ക് എത്തിയതും ഇവിടെ നിന്ന് രക്ഷപ്പെട്ടതും ഈ വാഹനത്തിലാണെന്നാണ് പൊലീസിന്‍റെ നിഗമനം. ബോംബ്  എത്തിച്ചതും ഈ വാഹനത്തിലാണ്. കേസിൽ അറസ്റ്റിലായ ഒന്നാംപ്രതി അക്ഷയെ ഇന്ന് തലശ്ശേരി കോടതിയിൽ റിമാൻഡ് ചെയ്യും. ബോംബുമായി എത്തിയ സംഘത്തിൽ പെട്ട ആളാണ് മരിച്ച ജിഷ്ണു എന്ന് പൊലീസ് പറയുന്നു. ഇയാളുടെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. കേസിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. കല്യാണത്തലേന്ന് വരന്റെ വീട്ടിൽ ഏച്ചൂരിൽ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. രാത്രി വൈകി നടന്ന സംഗീതപരിപാടിക്കിടെയായിരുന്നു സംഘർഷം. നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും ഉച്ചയ്ക്ക് പ്രതികാരം വീട്ടാൻ ഏച്ചൂർ സംഘം ബോംബുമായി എത്തുകയായിരുന്നു.ഏച്ചൂർ സ്വദേശിയായ ഷമിൽ രാജിന്റെ വിവാഹത്തലേന്ന് ഉണ്ടായ തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്. എതിരാളികളെ അക്ഷയ് ബോംബ് എറിയുന്നതിനിടെ, സ്വന്തം സുഹൃത്ത് തന്നെയായ ജിഷ്ണുവിന്‍റെ തലയിൽത്തട്ടി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തല പൊട്ടിച്ചിതറിയാണ് ജിഷ്ണു കൊല്ലപ്പെട്ടത്. ബോംബിൽ നിന്ന് തീഗോളം ഉയർന്ന് പൊള്ളലേറ്റും, ചീളുകൾ ദേഹത്ത് കുത്തിക്കയറിയും പലർക്കും പൊള്ളലും പരിക്കുമേറ്റു.ജിഷ്ണുവിനും അക്ഷയ്ക്കും, മിഥുൻ എന്ന മറ്റൊരു സുഹൃത്തിനും ബോംബ് കൈവശമുള്ള കാര്യം അറിയാമായിരുന്നു. അക്ഷയ് ആണ് ഏറുപടക്കം വാങ്ങി അതിൽ ഉഗ്രപ്രഹരശേഷിയുള്ള സ്ഫോടനവസ്തുക്കൾ ചേർത്ത് നാടൻ ബോംബുണ്ടാക്കിയത്. കൊലപാതകം, സ്ഫോടകവസ്തു കൈകാര്യം ചെയ്യൽ എന്നീ കുറ്റങ്ങളാണ് എടക്കാട് പൊലീസ് അക്ഷയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. കല്യാണപ്പാർട്ടിക്കായി പോയ  സംഘത്തിലെ റിജുൽ സി കെ, സനീഷ്, ജിജിൽ എന്നിവരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തിന്‍റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ബോംബ് നിർമ്മാണത്തിന് വേണ്ട സ്ഫോടക വസ്തുക്കൾ വാങ്ങാൻ അറസ്റ്റിലായ അക്ഷയും മിഥുനും മറ്റൊരു സുഹൃത്തും ചേർന്ന് പടക്ക കടയിലെത്തുന്നതിന്റെ ദൃശ്യങ്ങളാണ്  ലഭിച്ചത്. താഴെ ചൊവ്വയിലെ പടക്ക കടയിൽ നിന്ന് ഒരു കവറുമായി 9 മണിയോടെ ഇവർ മടങ്ങുയെന്നാണ് ദൃശ്യങ്ങളിലുള്ളത്. ഇവിടെ നിന്നാണ് പടക്കവും സ്ഫോടക വസ്തുക്കളും വാങ്ങിയതെന്ന് അറസ്റ്റിലായ പ്രതി അക്ഷയ് നേരത്തെ മൊഴി നൽകിയിരുന്നു.

add
error: Content is protected !!