/
11 മിനിറ്റ് വായിച്ചു

വെള്ളമാണെന്ന് കരുതി രാസവസ്തു കുടിച്ചു; വായയും തൊണ്ടയും പൊള്ളിയ വിദ്യാർത്ഥി ആശുപത്രിയിൽ

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്ന് വെള്ളമാണെന്നു കരുതി അബദ്ധത്തിൽ രാസലായിനി കഴിച്ച വിദ്യാർത്ഥി അവശനിലയിൽ ചികിത്സയിൽ. കോഴിക്കോട്ടേക്ക് വിനോദയാത്ര വന്ന കുട്ടിയാണ് ചികിത്സയിലുള്ളത്. കുട്ടി കുടിച്ച അസിഡിക് സ്വഭാവമുള്ള രാസലായിനി ഏതാണെന്നതിൽ വ്യക്തതയില്ല. രണ്ട് ദിവസം മുമ്പാണ് സംഭവം. വിനോദയാത്രാക്കായി കാസർകോട്ട് നിന്ന് കോഴിക്കോടെത്തിയതായിരുന്നു കുട്ടിയടങ്ങുന്ന സംഘം. ഒരു തട്ടുകടയിൽ നിന്ന് എരിവുള്ള ഭക്ഷണം കഴിച്ചുവെന്നും വല്ലാതെ എരിഞ്ഞപ്പോൾ തൊട്ടടുത്ത് കണ്ട കുപ്പിയിൽ വെള്ളമാണെന്ന് കരുതി എടുത്ത് കുടിച്ചുവെന്നുമാണ് ലഭ്യമായ വിവരം. രാസവസ്തു ഉപയോഗിച്ച് ചുണ്ട് നനച്ച ശേഷം അൽപ്പം വായിലേക്ക് ഒഴിച്ച ഉടനെ കുട്ടിക്ക് അസ്വസ്ഥത തോന്നി. ഉടൻ ഛർദ്ധിച്ചു. ഛർദ്ധിച്ചത് സുഹൃത്തിന്റെ ദേഹത്തേക്ക് ആയിപ്പോയി. ഛർദ്ദിൽ വീണ കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റിട്ടുണ്ട്. രണ്ട് കുട്ടികളെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് പ്രാഥമിക ചികിത്സ നൽകിയ കുട്ടിയെ പിന്നീട് പയ്യന്നൂരിലേക്ക് കൊണ്ടുപോയി. ഇപ്പോൾ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. മദ്രസയിൽ നിന്നുള്ള പഠനയാത്രയുടെ ഭാഗമായാണ് കുട്ടികൾ കോഴിക്കോട്ട് വന്നത്. ഉപ്പിലിട്ടത് വേഗം പാകമാകാന്‍ പ്രദേശത്തെ കടക്കാർ ചില രാസവസ്തുക്കൾ ചേർക്കുന്നതായി പ്രദേശത്ത് വ്യാപക പരാതിയുണ്ട്. ഈ ഗണത്തിൽപ്പെടുന്ന ദ്രാവകമായിരിക്കാം കുട്ടി കുടിച്ചതെന്നാണ് അനുമാനം. കുട്ടിയുടെ തൊണ്ടയിലും അന്നനാളിയിലും പൊള്ളലേറ്റിട്ടുണ്ടെന്നും എൻഡോസ്കോപ്പി ചെയ്താൽ മാത്രമേ കൂടുതൽ വ്യക്തമായി എന്തെങ്കിലും പറയാൻ പറ്റൂവെന്നുമാണ് ഡോക്ടർമാർ പറയുന്നത്. അൽപ്പം ആശ്വാസം തോന്നിയപ്പോൾ കുട്ടി വിശദീകരിച്ച വിവരം മാത്രമേ ബന്ധുക്കൾക്കും നിലവിലുള്ളൂ.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!