തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് കെപിസിസി അദ്ധ്യഷന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് പുറമേ, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും. എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണത്തിന് ഇറങ്ങാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ അതിവേഗത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പെട്ടെന്ന് തന്നെ സ്ഥാനാര്‍ത്ഥി ചര്‍ച്ചയ്ക്ക് തുടക്കമാകുന്നത്. ചര്‍ച്ചയില്‍ സ്ഥാനാര്‍ത്ഥിയെ ഇന്നു തന്നെ തീരുമാനിച്ചേക്കുമെന്നാണ് സൂചന. തുടര്‍ന്ന് ഹൈക്കമാന്റിന്റെ അനുമതി തേടി പിന്നാലെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം വിഡി സതീശന്‍ അറിയിച്ചിരുന്നു. എഐസിസിയുടെയും യുഡിഎഫ് ഘടകകക്ഷികളുടെയും സമ്മതത്തോടെ ഉടന്‍ സ്ഥാനര്‍ത്ഥിയെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉജ്ജ്വല വിജയം നേടും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നാളെ തിരുവനന്തപുരത്ത് പ്രധാനപ്പെട്ട നേതാക്കളുമായി കൂടിയാലോചന നടത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ റെയില്‍ മുഖ്യ വിഷയമാക്കിയാവും പ്രചരണം നടത്തുകയെന്നും വിഡി സതീശന്‍ ഇന്നലെ എറണാകുളത്ത് പറഞ്ഞു.’ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഏത് സമയത്തും കോണ്‍ഗ്രസും യുഡിഎഫും സജ്ജമാണ്. നാളെ മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ട പരിപാടികള്‍ക്ക് തുടക്കം കുറിക്കും. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനം കോണ്‍ഗ്രസിനും യുഡിഎഫിനും മണ്ഡലത്തിലുണ്ട്. പിടി തോമസ് വിജയിച്ചതിനേക്കാള്‍ ഉജ്ജ്വലമായ ഭൂരിപക്ഷത്തില്‍ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കും. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനകീയ വിചാരണയ്ക്ക് വിധേയമാക്കും. തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം യുഡിഎഫ് മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ ആശയങ്ങളും ജനങ്ങളിലേക്കെത്തിക്കും’,വി ഡി സതീശന്‍ പറഞ്ഞു.
‘സില്‍വര്‍ ലൈന്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ ചര്‍ച്ചാ വിഷയവും അതു തന്നെയായിരിക്കും. യുഡിഎഫിന് ഉജ്ജ്വലമായ വിജയമുണ്ടായില്ലെങ്കില്‍ അത് സില്‍വര്‍ ലൈന്‍ നടപ്പാക്കാനുള്ള ജനങ്ങളുടെ സമ്മതമായി വ്യാഖ്യാനിക്കപ്പെടാം. അതിനാല്‍ കെ റെയില്‍ ഈ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ അജണ്ടയായി തന്നെ മുന്നോട്ടു വയ്ക്കും. കേരളീയ സമൂഹം യുഡിഎഫിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഉറപ്പാണ്. ഗ്രാമവാസികളെക്കാള്‍ ഗൗരവത്തോടെയാണ് നഗരവാസികള്‍ സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്നത്. പാരിസ്ഥിതികമായും സാമ്പത്തികമായും കേരളം തകര്‍ന്നു പോകുമെന്ന് നഗരത്തിലെ ജനങ്ങള്‍ ഗൗരവത്തില്‍ ചിന്തിക്കുന്നുണ്ട്’, വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.നിലവില്‍ പിടി തോമസ്സിന്റെ ഭാര്യ ഉമാ തോമസിനാണ് കോണ്‍ഗ്രസ് പ്രഥമ പരിഗണന നല്‍കുന്നത്. വീക്ഷണം എംഡി ജയ്‌സണ്‍ ജോസഫ്, ഡിസിസി അദ്ധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്, കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗ്ഗീസ്, മുന്‍ മേയര്‍ ടോണി ചെമ്മണി എന്നിവരും പരിഗണനയിലുണ്ട്.കോണ്‍ഗ്രസ്സിന്റെ ഉറച്ച കോട്ടയെന്ന വിശേഷണമുണ്ടെങ്കിലും ഇത്തവണ ട്വന്റി20 വെല്ലുവിളി ഉയര്‍ത്തുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസ് പ്രാഥമിക തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ തുടക്കമിട്ടത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ തൃക്കാക്കര നിലനിര്‍ത്തുകയാണ് ലക്ഷ്യം. പ്രധാന നേതാക്കള്‍ മുഴുവന്‍ തൃക്കാക്കരയില്‍ കേന്ദ്രീകരിക്കും. മണ്ഡലങ്ങളുടെ പ്രചാരണ ചുമതല നല്‍കേണ്ട നേതാക്കളുടെ പട്ടികയും കെപിസിസി തയ്യാറാക്കി കഴിഞ്ഞു.