//
10 മിനിറ്റ് വായിച്ചു

‘ഇനി തൃക്കാക്കരയുടെ എംഎല്‍എ’; ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ഉമാ തോമസ്

തൃക്കാക്കര എംഎല്‍എയായി ഉമാ തോമസ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കര്‍ എംബി രാജേഷിന്റെ ചേംബറിലാണ് സത്യപ്രതിജ്ഞ നടന്നത്. സഭാ സമ്മേളനം അല്ലാത്ത സമയമായതിനാലാണ് ചേംബറില്‍ സത്യപ്രതിജ്ഞ ചെയ്തത്. എല്ലാ യുഡിഎഫ് നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് ഉമാ തോമസ് സ്പീക്കറുടെ ചേംബറിലേക്ക് എത്തിയത്.പിടി തോമസിന്റെ നിലപാടുകള്‍ കണ്ടാണ് താന്‍ പഠിച്ചതെന്നും അത്തരം നിലപാടുകള്‍ പിന്തുടര്‍ന്ന് മുന്നോട്ട് പോകുമെന്നും ഉമാ തോമസ് സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ജനങ്ങളുടെ ആഗ്രഹങ്ങള്‍ മാനിച്ച് മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഉമാ തോമസ് പറഞ്ഞു.ഇന്നലെ തന്നെ ഉമാ തോമസ് തിരുവനന്തപുരത്ത് എത്തിയിരുന്നു.ഈ മാസം 27 മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഉമാ തോമസ് പങ്കെടുക്കും. 72767 വോട്ടുകള്‍ നേടി ചരിത്ര ഭൂരിപക്ഷത്തോടെയാണ് ഉമാ തോമസ് തൃക്കാക്കരയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2021 പി ടി തോമസ് 59,839 വോട്ടുകളായിരുന്നു നേടിയത്. യുഡിഎഫിന് 2021 നേക്കാള്‍ 12,928 വോട്ടുകള്‍ ഇപ്പോള്‍ കൂടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാര്‍ത്ഥി നേടിയത് 45510 വോട്ടാണ്. ഇടതു വോട്ടുകളില്‍ 2242 വോട്ടിന്റെ വര്‍ധനവുണ്ടായി. ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്‍ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു. ആകെ കണക്കില്‍ ഒരു വര്‍ഷത്തിനിടെ തൃക്കാക്കരയില്‍ ബിജെപിക്ക് 2528 വോട്ട് കുറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!