വടക്കാഞ്ചേരി > തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ ബൃഹദ് പദ്ധതിയായ അമ്മയും കുഞ്ഞും ബ്ലോക്ക് പദ്ധതി ടെൻഡർ ചെയ്‌തു. 279.19 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ച പദ്ധതിയാണ് മദർ ആൻഡ് ചൈൽഡ് ബ്ലോക്ക്. ഗൈനക്കോളജി വിഭാഗത്തിലെയും നവജാത ശിശുക്കൾക്കായുള്ള നിയോനേറ്റോളജി വിഭാഗത്തിലെയും കുട്ടികൾക്കായുള്ള പീഡിയാട്രിക് വിഭാഗത്തിലെയും അത്യാധുനിക ചികിത്സാസൗകര്യങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കി ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ബ്ലോക്കിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.
നിർവഹണച്ചുമതലയുള്ള ഇൻകൽ ലിമിറ്റഡാണ് വിശദമായ പദ്ധതി തയ്യാറാക്കി ടെൻഡർ ചെയ്യുന്നത്. പദ്ധതിക്ക് 207.22 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചു. 207.22 കോടി രൂപയുടെ പദ്ധതിയാണ് ടെൻഡർ ചെയ്യുന്നത്. ബാക്കി തുക ആധുനിക ഉപകരണങ്ങൾക്കും മറ്റുമായി വിനിയോഗിക്കും. 5.1 ലക്ഷം ചതുരശ്ര അടിയിൽ എട്ട് നിലകളിലായുള്ള പ്രത്യേക ബ്ലോക്കാണ് നിർമിക്കുന്നത്. 468 വാർഡ് കിടക്കകളും 172 ഐസിയു കിടക്കകളും 13 ഓപ്പറേഷൻ തിയറ്ററുകളുമുണ്ടായിരിക്കും. കാഷ്വാലിറ്റി, റേഡിയോ ഡയഗ്നോസിസ്, ആന്റി നേറ്റൽ വാർഡ്, പോസ്റ്റ് നേറ്റൽ വാർഡ്, വിവിധ വകുപ്പുകൾ, ഗൈനക് ആൻഡ് ലബോറട്ടറി, എൽഡിആർ – എച്ച്ഡിയു യൂണിറ്റുകൾ, നിയോനേറ്റൽ വാർഡ്, പീഡിയാട്രിക് ഐസിയു, നിയോനേറ്റൽ ഐസിയു, പീഡിയാട്രിക് സർജറി വാർഡ്, പീഡിയാട്രിക് വാർഡ്, സിഎസ്എസ്‌ഡി, ലോൻഡ്രി തുടങ്ങിയ സൗകര്യങ്ങൾ പദ്ധതിയിലുണ്ട്.
മാലിന്യ സംസ്കരണവും മഴവെള്ള സംഭരണവും ഉൾപ്പെട്ട പദ്ധതിയാണ്. ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി. പദ്ധതി ടെൻഡർ നടപടികൾക്കു ശേഷം അതിവേഗം ആരംഭിക്കുന്നതിനായി ഇടപെടുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. 199 കോടി രൂപ കിഫ്ബിയുടെ ധനാനുമതി ലഭിച്ച സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് പദ്ധതിയും നടപടികൾ പൂർത്തീകരിച്ച് ടെൻഡറിലേക്ക് കടക്കുകയാണ്.