ഷൊര്‍ണൂര്‍> വന്ദേഭാരതില്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്യാന്‍ യുവാവ് നടത്തിയ ‘നാടകം’ മൂലം റെയില്‍വേക്കുണ്ടായത് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം.കാസര്‍കോട് ഉപ്പള സ്വദേശി ശരണ്‍ (26) ശുചിമുറിയില്‍ കയറി വാതിലടച്ചതോടെയാണു സംഭവങ്ങളുടെ തുടക്കം. ഇന്നലെ ഉച്ചയ്ക്ക് 2.30നു കാസര്‍കോടു നിന്നു പുറപ്പെട്ട ട്രെയിനിലെ എക്‌സിക്യൂട്ടീവ് കോച്ച് ഇ വണ്ണിലാണ് യുവാവിന്റെ പരാക്രമം
ആര്‍പിഎഫും റെയില്‍വേ പൊലീസും ഇയാളെ അനുനയിപ്പിച്ച് പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കണ്ണൂരിലും കോഴിക്കോട്ടും ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ വാതില്‍ തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയപ്പോള്‍ 3 സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം ഏറെ പരിശ്രമിച്ചിട്ടും പൂട്ടുതുറക്കാനായില്ല.
ഒടുവില്‍ പൂട്ട് പൊളിക്കേണ്ടിവന്നു. രണ്ട് മെറ്റല്‍ ലെയറുള്ള ഫാബ്രിക്കേറ്റഡ് വാതിലുകളാണു വന്ദേഭാരതിലെ ശുചിമുറിയിലുള്ളത്.സെന്‍സര്‍ സംവിധാനത്തിലുള്ള പൂട്ടിനു മുകളില്‍ ടീഷര്‍ട്ട് കീറി കെട്ടിവച്ചതോടെ പുറത്തുനിന്ന് തുറക്കാനുള്ള ശ്രമങ്ങളും പാളി. ജൂണ്‍ 17ന് ഉപ്പള കൈക്കമ്പയില്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു