കണ്ണൂർ | ഓണത്തെ വരവേൽക്കാൻ എങ്ങും പൂക്കളുടെ ആരവം. ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയിൽ ജില്ലാ പഞ്ചായത്ത് കൃഷി നടത്തിയതിനാൽ തദ്ദേശീയ പൂക്കളും യഥേഷ്ടം വിപണയിൽ എത്തുന്നുണ്ട്. പല നിറങ്ങളുള്ള പൂക്കൾ വിൽപ്പനക്ക് എത്തിയതോടെ ഓണത്തിന്റെ മുഴുവൻ ആഹ്ലാദവും പ്രതിഫലിക്കുന്നു.
പൂക്കച്ചവടക്കാരും പ്രതീക്ഷയിലാണ്. എല്ലാ തരത്തിലുള്ള പൂക്കളും വിപണിയിൽ എത്തിക്കാൻ മത്സരിക്കുകയാണ് അവർ. അത്തം മുതൽ തന്നെ ചെറുതും വലുതുമായ കച്ചവടക്കാർ വഴിയോര വിപണി കീഴടക്കി. ഗുണ്ടൽ പേട്ടിൽ നിന്നാണ് കൂടുതൽ പൂവുകൾ കണ്ണൂരിൽ എത്തുന്നത്.
മൈസൂരു, ബംഗളൂരു, കുടക് എന്നിവിടങ്ങളിൽ നിന്നും പൂക്കൾ എത്തുന്നു. ചെണ്ടുമല്ലി, ജമന്തി, അരളി, ഡാലിയ, റോസ്, സൂര്യകാന്തി എന്നിവ വിപണിയിലുണ്ട്. ചെണ്ടുമല്ലി മഞ്ഞയ്ക്ക് ഒരു കിലോ 160 രൂപയാണ് വില. വെള്ള ചെണ്ടുമല്ലിക്ക് 600 രൂപയുണ്ട്. മറ്റു പൂവുകൾക്ക് ശരാശരി കിലോ 500 മുതൽ വിലയുണ്ട്.