വ്യത്യസ്തമായ പരിധികൾ നിശ്ചയിച്ച് വിദ്യാർഥികളുടെ യാത്രാ കൺസെഷൻ ഇല്ലാതാക്കാനുള്ള ശ്രമത്തെ ചെറുത്ത് തോൽപിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറിയേറ്റ്. സർക്കാരിന് സമർപ്പിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമീഷന്‍റേതായി പുറത്ത് വരുന്ന നിർദേശങ്ങൾ അങ്ങേയറ്റം വിദ്യാർത്ഥി വിരുദ്ധമാണ്. 17 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ബി.പി.എൽ കാർഡിൽ ഉൾപ്പെടാത്തവർക്കും യാത്ര കൺസെഷൻ നൽകേണ്ടതില്ല എന്നതാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്‍റെ പ്രധാന നിർദേശങ്ങളിൽ ഒന്ന്. അനുവദിക്കുന്ന യാത്ര കൺസെഷൻ ചാർജ് തന്നെ 5 രൂപയിലേക്ക് ഉയർത്തണം എന്നും രാമചന്ദ്രൻ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ഉണ്ട്.യാത്ര കൺസെഷൻ 17 ൽ അവസാനിപ്പിക്കുമ്പോൾ ഫലത്തിൽ വളരെ ചെറിയ ശതമാനം വിദ്യാർഥികൾക്ക് മാത്രമാണ് കൺസെഷൻ ലഭിക്കുക. പ്രൈവറ്റ്, കെ.എസ്.ആർ.ടി.സി ബസിനെ ഉപയോഗപ്പെടുത്തി വിദൂര സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സഞ്ചരിക്കേണ്ടി വരുന്നതിൽ പ്രധാനവും ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾ ആയിരിക്കും. സാധാരണ ഗതിയിൽ 17 വയസ്സിൽ താഴെ വരുന്നതിൽ ഹയർസെക്കൻഡറി ഒഴികെ – എൽ.പി, യു.പി, ഹൈസ്‌കൂൾ – വിദ്യാർഥികളിൽ ഭൂരിഭാഗവും അടുത്തുള്ള സ്‌കൂളുകളെയോ സ്‌കൂൾ ബസിനെയോ ആണ് ആശ്രയിക്കാറുള്ളത്. ഫലത്തിൽ വിദ്യാർഥികളിലെ ഭൂരിപക്ഷത്തേയും യാത്ര കൺസെഷനിൽ നിന്ന് ഒഴിവാക്കാനുള്ള നിർദ്ദേശമാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ.