പൂർത്തിയാക്കാൻ സാധിക്കുമോ എന്ന ഉറപ്പില്ലാതെയാണ് ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി താൻ ഇറങ്ങി പുറപ്പെട്ടതെന്ന് രാഹുൽ ഗാന്ധി. കോളേജ് കാലത്ത് കാലിന് പറ്റിയ പരിക്ക് ജോഡോ യാത്ര തുടങ്ങിയപ്പോൾ പ്രശ്നമായി. യാത്രയിൽ വലിയ സുരക്ഷാ പ്രശ്നങ്ങളുണ്ടായേക്കും എന്ന മുന്നറിയിപ്പും പലരിൽ നിന്നുമുണ്ടായി. പ്രതികൂല കാലാവസ്ഥയടക്കം പല പ്രശ്നങ്ങളും നേരിടേണ്ടി വന്നെങ്കിലും പ്രവർത്തകരുടേയും ജനങ്ങളുടേയും സ്നേഹവും പിന്തുണയുമായി ഭാരത് ജോഡോ യാത്ര പൂർത്തീകരിക്കാൻ തുണയായതെന്നും രാഹുൽ പറഞ്ഞു.ബിജെപിയിലെ ഒരു നേതാവിനും ഇതുപോലെ യാത്ര നടത്താൻ ആകില്ല. കാരണം അവർക്ക് ഭയമാണ്. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വം പോലൊരു സാഹചര്യമോ ആ വേദനയോ നരേന്ദ്രമോദിക്കോ അമിത് ഷാക്കോ അജിത് ഡോവലിനോ മനസ്സിലാകില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു. ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയുടെ സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ശ്രീനഗറിലെ സെൻട്രൽ സ്റ്റേഡിയത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കിടെയാണ് ജോഡോയാത്രയുടെ സമാപന ചടങ്ങ് പുരോഗമിക്കുന്നത്.