തിരുവനന്തപുരം പൗഡിക്കോണത്ത് വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തി. കല്ലറത്തല ഭഗവതി വിലാസത്തില്‍ വാടകയ്ക്കു താമസിക്കുന്ന റിട്ട നഴ്‌സിങ് സൂപ്രണ്ട് വിജയമ്മയെ (80) ആണ് ശനിയാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ദിവസത്തെ പഴക്കമുള്ള മൃതേദേഹം മുറിക്കുള്ളില്‍ കട്ടിലിനടിയിലാണ് കണ്ടെത്തിയത്.
ശരീരത്തിലും മുഖത്തും അടിയേറ്റതു പോലുള്ള ചതവുകളുമുണ്ട്. വിജയമ്മയും ഇരുകാലുകളുമില്ലാത്ത ഏകമകനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. 47 കാരനായ മകനാണ് അമ്മ വീട്ടില്‍ മരിച്ചു കിടക്കുന്നതായി ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. സംഭവത്തില്‍ ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.