കണ്ണൂർ: യുക്രൈനിൽ യുദ്ധം നടക്കുന്നതിനിടയില്‍ ഷവര്‍മ്മ വാങ്ങാന്‍ പുറത്തിറങ്ങിയ മലയാളി യുവാവിന്റെ വീഡിയോ ദിവസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു. ഏറെ വിമർശിക്കപ്പെടുകയും ട്രോളുകൾ ഏറ്റുവാങ്ങുകയും ചെയ്ത ആ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത് കണ്ണൂര്‍ സ്വദേശിയായ ഔസാഫ് എന്ന വിദ്യാര്‍ത്ഥിയാണ്. യുദ്ധമുഖത്തുനിന്ന് ഔസാഫ് ഇപ്പോൾ കണ്ണൂരിൽ തിരിച്ചെത്തിയിട്ടുണ്ട്. ദുർഘടമായ വഴികളിലൂടെ ജീവനോടെ തിരിച്ചെത്താനായതിന്റെ അനുഭവങ്ങളും വിമർശനം ഏറ്റുവാങ്ങിയ വീഡിയോയ്ക്ക് പിന്നിലുണ്ടായ സംഭവങ്ങളും പിന്നീട് നടന്ന കാര്യങ്ങളും ഔസാഫ് മനസ്സ് തുറന്നു. മലയാളികൾ തന്നെ ട്രോളിയത് വലിയ വിഷമമായെന്ന് ഔസാഫ് പറയുന്നു. യഥാർത്ഥ ആകുലത യുദ്ധത്തോടായിരുന്നെങ്കിൽ അത് മാത്രമായിരുന്നില്ലേ മലയാളികൾ ശ്രദ്ധിക്കേണ്ടതെന്നും, അവിടുത്തെ സാഹചര്യം കാണിക്കാൻ എടുത്ത വീഡിയോയേയും തന്നെയും വിമർശിക്കുകയായിരുന്നോ വേണ്ടിയിരുന്നതെന്നും ഔസാഫ് ചോദിച്ചു. ബങ്കറില്‍ അഭയം തേടിയപ്പോള്‍ ശബ്ദം കുറച്ച് സംസാരിക്കാന്‍ പറഞ്ഞ യുക്രൈന് സ്വദേശിയോടെ തട്ടിക്കയറുന്ന ഔസാഫിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഒരേ സർവ്വകലാശാലയിൽ ഒരേ ബാച്ചിലുണ്ടായിരുന്ന എന്നും കണ്ടിരുന്ന സുഹൃത്ത് കർണാടക സ്വദേശിയായ വിദ്യാർത്ഥിയുടെ മരണം തനിക്ക് വലിയ ഷോക്കായിരുന്നു. ആ മരണത്തോടെ അതുവരെയുണ്ടായിരുന്ന ധൈര്യം ചോർന്ന് പോയി. രക്ഷപ്പെടുത്താൻ ആരും വരില്ലെന്ന് അറിഞ്ഞപ്പോൾ കരഞ്ഞുകൊണ്ടാണ് താനടക്കം എല്ലാവരും തിരിച്ചെത്താനുള്ള വഴി തേടി ഇറങ്ങിയതെന്നും ഔസാഫ് കൂട്ടിച്ചേർത്തു.