ന്യൂഡൽഹി: യുക്രെയ്‌നിലെ യുദ്ധ ഭൂമിയില്‍ കുടുങ്ങിയ മകന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ സന്തോഷത്തില്‍ വികാരഭരിതനായി ഒരു പിതാവ്. കശ്മീരില്‍ നിന്നുള്ള സജ്ഞയ് പണ്ഡിത എന്നയാളാണ് സുമിയില്‍ കുടങ്ങിയ മകനെ തിരിച്ചു കിട്ടിയതില്‍ കേന്ദ്ര സര്‍ക്കാരിനോട് നന്ദി പറഞ്ഞത്. തിരിച്ചുവന്നത് എന്റെ മകനല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മകനാണെന്ന് പറയാനാണ് താനാഗ്രഹിക്കുന്നെന്നാണ് സജ്ഞയ് പണ്ഡിത പറയുന്നത്.’തിരിച്ചു വന്നത് എന്റെ മകനല്ല, മോദിയുടെ മകനാണ്. സുമിയിലെ സാഹചര്യങ്ങള്‍ കാരണം മകനെ തിരിച്ചു കിട്ടുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയില്ലായിരുന്നു. എന്റെ മകനെ തിരിച്ചെത്തിച്ചതില്‍ ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് നന്ദി പറയുന്നു,’ സജ്ഞയ് പണ്ഡിത പറഞ്ഞു.യുക്രെയ്‌നില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ രക്ഷിതാക്കളെ കണ്ടപ്പോള്‍ വികാരഭരിതമായ രംഗങ്ങള്‍ക്കാണ് എയര്‍പോര്‍ട്ട് ജീവനക്കാരും മാധ്യമങ്ങളും സാക്ഷിയായത്. ദിവസങ്ങളായി കാത്തിരിക്കുന്ന പലരും കരഞ്ഞു കൊണ്ടാണ് മക്കളെ സ്വീകരിച്ചത്. മക്കളെ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ ചിലര്‍ എയര്‍പോര്‍ട്ടില്‍ മധുരം നല്‍കി. ഭാരത് മാതാ കീ ജയ് വിളികളും എയര്‍പോര്‍ട്ടില്‍ മുഴങ്ങി. വെള്ളിയാഴ്ച യുക്രെയ്‌നിലെ സുമിയില്‍ നിന്നും മൂന്ന് വിമാനങ്ങളിലായി 674 ഇന്ത്യക്കാരാണ് ഡല്‍ഹിയിലെത്തിയത്.