ദില്ലി: യുക്രൈൻ രക്ഷാദൗത്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. റൊമാനിയ അതിർത്തിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കോടതിക്ക് എന്ത് ചെയ്യാനാകുമെന്ന് ഹർജി പരിഗണിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് എൻ.വി.രമണ ചോദിച്ചു. സമൂഹ മാധ്യമങ്ങളിൽ ചീഫ് ജസ്റ്റിസ് എന്തെടുക്കയാണെന്ന് ചിലർ ചോദിക്കുന്നതിന്റെ വീഡിയോകൾ താൻ കണ്ടെന്നും, റഷ്യൻ പ്രസിഡൻ്റിനോട് യുദ്ധം നിർത്താൻ തനിക്ക് പറയാനാകുമോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. നിലവിൽ രക്ഷാദൗത്യം പുരോഗമിക്കുന്നുണ്ടല്ലോയെന്ന് ചോദിച്ച എൻ വി രമണ ഹർജി പിന്നീട് പരിശോധിക്കാമെന്നും ഇക്കാര്യത്തിൽ അറ്റോർണി ജനറലിനോട് ഉപദേശം തേടാമെന്നും അറിയിച്ചു.ആയിരക്കണക്കിന് വിദ്യാർത്ഥികൾ അവിടെയുണ്ടെന്നും കുറച്ച് പേർക്ക് ഇവിടെ എത്താൻ കഴിഞ്ഞിട്ടുണ്ടെന്നും വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെന്നും എജിയോട് കോടതി പറഞ്ഞു. ഗംഗ രക്ഷാ ദൗത്യത്തിൻ്റെ ഭാഗമായുള്ള വിമാനസർവ്വീസിലൂടെ ഇന്ന് 3726 പേർ മടങ്ങിയെത്തും എന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ആകെ 19 വിമാനങ്ങളാണ് യുക്രൈൻ്റെ അയൽരാജ്യങ്ങളിൽ നിന്നായി ഇന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. അതിനിടെ യുക്രെയിനിലെ രക്ഷാദൗത്യത്തെക്കുറിച്ച് വിദേശകാര്യമന്ത്രാലയം എംപിമാർക്ക് വിശദീകരണം നൽകി. യോഗത്തിൽ രാഹുൽഗാന്ധിയും പങ്കെടുക്കുന്നുണ്ട്.