തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. പരാജയ ഭീതിയാണ് ആക്രമണത്തിന് കാരണം. ചിതയില്‍ ചാടേണ്ടതിന് പകരം രാഷ്ട്രീയത്തില്‍ ചാടിയെന്ന് പറഞ്ഞു. പി ടി തോമസിനായി ഭക്ഷണം മാറ്റിവെക്കുകയെന്നത് തന്റെ സ്വകാര്യതയാണെന്നും ഉമാ തോമസ് പറഞ്ഞു. സൈബര്‍ അധിക്ഷേപങ്ങള്‍ അവജ്ഞയോടെ തള്ളുന്നുവെന്നും ഉമാ തോമസ് കൂട്ടിചേര്‍ത്തു. ഉമാ തോമസിനെതിരായ സൈബര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്ത സിപിഐഎം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ ഭാര്യയും ഡോക്ടറുമായ ദയ പാസ്‌കലിന്റെ പ്രതികരണം തേടിക്കൊണ്ടായിരുന്നു രാഹുല്‍ ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ‘കുടുംബത്തിനും സ്ത്രീ ബോധത്തിനും പ്രാധാന്യം നല്കുന്നയാള്‍ എന്ന അവകാശപ്പെടുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ ഭാര്യയ്ക്ക് എന്താണ് ഇതില്‍ പറയാനുള്ളത്’ എന്ന് രാഹുല്‍ ചോദിക്കുന്നു. ബംഗാളിലും ഇത്തരത്തില്‍ സ്വയം കടന്നലുകള്‍ എന്ന് അവകാശപ്പെടുന്ന സൈബര്‍ ഗുണ്ടകള്‍ ഉണ്ടായിരുന്നു. അവരെ ‘തെരഞ്ഞെടുപ്പ്’ കൊണ്ട് ‘ചുട്ടെരിച്ചുവെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.ഉമാ തോമസ് പ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ‘ ചാമ്പിക്കോ സഖാക്കളെ… നമ്മുടെ ഇളവ് കഴിഞ്ഞു’ എന്ന ക്യാപ്ഷനോടെയാണ് ‘പോരാളി ഷാജി’ പേജില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇന്ന് മുതല്‍ ഇളവ് ഉണ്ടായിരിക്കില്ലെന്നും ക്യാപ്ഷനില്‍ ഉണ്ട്.പി ടി തോമസിന്റെ മരണത്തിനിപ്പുറവും അദ്ദേഹത്തിനുള്ള ഭക്ഷണം മാറ്റിവെച്ചിട്ടാണ് താന്‍ കഴിക്കാറുള്ളതെന്ന് നേരത്തെ ഉമാ തോമസ് പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം വൈകാരികമായി വോട്ട് സമ്പാദിക്കാനുള്ള ശ്രമമാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ മുന്‍നിര്‍ത്തിയാണ് ഉമാ തോമസിനെതിരായ സൈബര്‍ ആക്രമണം.