//
13 മിനിറ്റ് വായിച്ചു

‘കുടുംബത്തിനെതിരായ വ്യാജ പ്രചരണത്തിൽ കർശന നടപടി സ്വീകരിക്കണം’; മുഖ്യമന്ത്രിക്ക് പരാതി നൽകി ഉമ തോമസ്

കുടുംബത്തിനും മക്കൾക്കുമെതിരായ അപകീർത്തിപരമായി സാമൂഹിക മാധ്യമങ്ങളി‍ൽ പോസ്റ്റിട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് തൃക്കാക്കര എംഎൽഎ ഉമ തോമസ്. വ്യാജ പോസ്റ്റിട്ടവർക്കെതിരെ നിയമപരമായി മുന്നോട്ട് പോകും. പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പിന്തുണയുണ്ടാകണമെന്നും എംഎൽഎ പറഞ്ഞു.

എംഎല്‍എയും വിധവയുമായ തന്നെ രാഷ്ട്രീയമായി അപമാനിക്കുന്നതിന് വേണ്ടിയാണ് എന്റെ കുടുംബത്തിനും മക്കള്‍ക്കുമെതിരെ ഇത്തരം അടിസ്ഥാനരഹിതമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് ആണോ ഈ ലഹരി സംഘങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഉമ തോമസ് കത്തിൽ പറഞ്ഞു.

കേരള സമൂഹം ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്ത ഒരു നേതാവിന്റെ ഭാര്യയും അഴിമതിക്കും ഇത്തരം പ്രവര്‍ത്തികള്‍ക്കുമെതിരെ അദ്ദേഹത്തോടൊപ്പം കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയും നിലപാടെടുക്കുകയും ചെയ്ത ഒരു സ്ത്രീയെ സമൂഹ മധ്യത്തില്‍ അധിക്ഷേപിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ ശ്രമിക്കുന്നത്.

ഇത്തരക്കാര്‍ക്കെതിരെ സ്ത്രീകളെ അപമാനിക്കുന്നതിനെതിരെയുളള നിയമപ്രകാരവും സൈബര്‍ നിയമപ്രകാരവും കര്‍ശന നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ ഉമ തോമസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കഞ്ചാവ് കേസില്‍ ഒരു വനിതാ എംഎല്‍എയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഉമാ തോമസ് എംഎല്‍എ കുടുംബത്തോടൊപ്പമുള്ള ചിത്രം ഉള്‍പ്പെടെയായിരുന്നു പ്രചാരണം. ഇതിനെതിരെ ഉമ തോമസ് എംഎൽഎ രം​ഗത്തുവരികയും ചെയ്തു. മകന്‍ തനിക്കൊപ്പം വീട് വൃത്തിയാക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ഉമാ തോമസിന്റെ പ്രതികരണം.

പി ടി തോമസിനോടുള്ള പക തീര്‍ന്നിട്ടില്ലെന്ന് അറിയാം, എങ്കിലും പാതിവഴിയില്‍ പോരാട്ടം അവസാനിപ്പിക്കാന്‍ ആര് വിചാരിച്ചാലും സാധിക്കില്ലെന്നും ഉമാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഉമാ തോമസ് പറഞ്ഞു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!