വിശുദ്ധ റമസാന്‍ മാസത്തിലെ ആദ്യ 20 ദിവസങ്ങളില്‍ ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ബുക്കിങ് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി ആരംഭിച്ചതായി സഊദി ഹജ്ജ് -ഉംറ മന്ത്രാലയം അറിയിച്ചു. തവല്‍ക്കന്ന, നുസുക് എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ് ഉംറക്കുള്ള ബുക്കിങ് നടത്തേണ്ടത്.അവസാന പത്തില്‍ ഉംറ നിര്‍വഹിക്കുന്നതിനുള്ള ബുക്കിങ് സൗകര്യം പിന്നീട് ആരംഭിക്കും. റമസാന്‍ കാലത്ത് ഉണ്ടയേക്കാവുന്ന കനത്ത തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. അനുമതിയില്ലാതെ ഉംറ നിര്‍വഹിക്കാന്‍ വേണ്ടി മക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പിടിക്കപ്പെട്ടാല്‍ 10,000 റിയാല്‍ വരെ പിഴ ഈടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഓരോ ദിവസത്തെയും തീര്‍ഥാടകരുടെ തിരക്ക് ബുക്കിങ് സമയത്ത് ആപ്ലിക്കേഷനുകളില്‍ ലഭിക്കും. ഏറ്റവും കുറവ് തിരക്കുള്ള സമയം പച്ച നിറത്തിലും, കുറഞ്ഞ തിരക്കുള്ള സമയങ്ങള്‍ ഓറഞ്ച്, കൂടുതല്‍ തിരക്കുള്ള സമയങ്ങള്‍ ചുവപ്പ് എന്നീ നിറങ്ങളിലുമാണ് ആപ്ലിക്കേഷനില്‍ ഉണ്ടാവുക. ഉംറ വിസ 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി ദീര്‍ഘിപ്പിച്ച് നല്‍കുകയും പുണ്യഭൂമിയിലേക്ക് തീര്‍ഥാടകര്‍ക്ക് അനായാസേന പ്രവേശിക്കാനും പുറപ്പെടാനും കര, നാവിക പ്രദേശങ്ങള്‍ വഴി രാജ്യത്തേക്ക് പ്രവേശിക്കാനും നേരത്തെ അനുമതി നല്‍കിയിരുന്നു.