വിഡി സതീശനെ ലീഡറായി വിശേഷിപ്പിച്ച് തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പടുകൂറ്റൻ ഫ്ലക്സ് ബോർഡുകൾ ഉയർന്നതിന് പിന്നാലെ പ്രതിപക്ഷനേതാവിനെതിരെ പരോക്ഷ വിമർശനക്കവിതയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്.യൂത്ത് കോൺഗ്രസ് ഭാരവാഹി എൻ.എസ്. നുസൂറാണ് ഒരു കവിത ഫെയ്സ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് സതീശനെതിരെ വിമർശനം ഉയർത്തുന്നത്. കോൺഗ്രസിന്റെ ഉരുക്കുകോട്ടയായ തൃക്കാക്കരയിലെ വിജയത്തിന് എന്തിനാണ് അപര പിതൃത്വം ഏറ്റെടുക്കുന്നത് എന്നുള്ള വിമർശനമാണ് അദ്ദേഹം ഉയർത്തുന്നത്. പാഠം ഒന്ന്, കവിത, പഠിക്കാനുണ്ടേറെ എന്ന തലക്കെട്ടോടെയാണ് കവിത ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പഠിക്കാനുണ്ടിനിയുമേറെ …
കോട്ടയെന്നാലത് ഉരുക്കുകോട്ട..
ആര് തകർത്താലും തകരാത്തൊരുരുക്കുകോട്ട…
തകർക്കാൻ നോക്കിയോർ സ്വയം തകർന്നോരുരുക്കുകോട്ട..
പിന്നെന്തിനതിനൊരു – അപരപിതൃത്വമെന്നതത്ഭുതം..
പഠിക്കാനുണ്ടേറെ….
ഞാനെന്നെ- നേതാവെന്നുവിളിച്ചാലാവുമോ ഞാനൊരു നേതാവെന്നോർക്കണം..
ആയിരംപേരൊന്നിച്ചുവിളിച്ചാലാവണം ഞാനൊരുനേതാവെന്നതും ചരിത്രം..
അങ്ങനൊരുനേതാവുണ്ടതിൻ-
ഫലമാണിങ്ങനൊരു വിജയമെന്നോർക്കണം നമ്മൾ.
പഠിക്കാനുണ്ടിനിയുമേറെ..
പച്ചപ്പിനെ സ്നേഹിച്ചോൻ…
വ്യവസ്ഥിതിയെ പഠിപ്പിച്ചോൻ..
സ്ത്രീസുരക്ഷയ്ക്കായ് വാദിച്ചോൻ..
കുടുംബവാഴ്ചയെ പുച്ഛിച്ചോൻ…
തെറ്റിനെതിരെ വിരൽചൂണ്ടിയോൻ..
ഒറ്റപ്പെടുത്തിയവർക്കൊരു മറുപടി
മൃത്യുവിൽ നല്കിയോൻ…
ഇനിയും പഠിക്കാനുണ്ടേറെ.. – യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫെയ്സ്ബുക്കിൽ കുറിച്ച വിമർശനക്കവിതയാണിത്.