മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്തതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ . സുധാകരനെതിരായ കേസ് കോടതി വരാന്തയില്‍ പോലും നില്‍ക്കില്ലെന്ന് സതീശന്‍ പറഞ്ഞു.”നികൃഷ്ടജീവി, പരനാറി, കുലംകുത്തി എന്നൊക്കെ വിളിച്ച പിണറായിക്കെതിരെ കേസില്ല. കേരള രാഷ്ട്രീയത്തിൽ ഏറ്റവും മോശം പദപ്രയോഗങ്ങൾ നടത്തിയത് പിണറായി വിജയനാണ്. യുഡിഎഫ് നേതാക്കൾ ആരും ഇത്തരം പദപ്രയോഗങ്ങൾ നടത്താറില്ലെന്നു” വി.ഡി.സതീശൻ പറഞ്ഞു.വര്‍ഗീയ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങി ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ട് പോലും പി.സി ജോര്‍ജിനെതിരേ മിണ്ടുന്നില്ല. മിണ്ടാന്‍ കഴിയില്ലെന്നും തൃക്കാക്കരയില്‍ മത്സരിക്കുന്നത് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിയാണെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.കൊച്ചി കോർപറേഷൻ ഭരണം നഷ്ടപ്പെടാതിരിക്കാൻ സിപിഎം ബിജെപിയെ സഹായിച്ചെന്നും വി.ഡി.സതീശൻ ആരോപിച്ചു. എൽഡിഎഫ് സ്ഥാനാർഥിക്കു കഴിഞ്ഞവട്ടം സ്വതന്ത്രയായി മത്സരിച്ചതിനേക്കാൾ 78 വോട്ട് അധികം കിട്ടിയതായും സതീശൻ പറഞ്ഞു.തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് വോട്ട് മറിച്ചത് സി.പി.എം ആണ്. അത് വോട്ട് നില പരിശോധിച്ചാല്‍ മനസ്സിലാവും.യു.ഡി.എഫിന് നഗരത്തില്‍ വോട്ട് വര്‍ധിക്കുകയാണ് ചെയ്തത്. ബി.ജെ.പി അട്ടിമറി നടത്തിയ വാർഡിൽ ഞങ്ങള്‍ ജയിച്ചിരുന്നുവെങ്കില്‍ തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെടുമായിരുന്നു. അത് മുന്നില്‍ കണ്ടാണ് ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് മറിച്ച് നല്‍കിയതെന്നും സതീശന്‍ കുറ്റപ്പെടുത്തി.