തിരുവനന്തപുരം > വിയറ്റ്ജെറ്റ് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍നിന്നും വിയറ്റ്നാമിലെ ഹോചിമിന്‍ സിറ്റിയിലേക്ക് നേരിട്ടുള്ള സര്‍വീസാരംഭിക്കുന്നു. സര്‍വീസ് നവംബര്‍ 2 ന് തുടങ്ങും. ആഴ്ചയില്‍ മൂന്ന് സര്‍വീസ് ആണുണ്ടാവുക. തിരുച്ചിയില്‍ നിന്ന് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ 12.30 ന് പുറപ്പെട്ട് ഹോചിമിന്‍സിറ്റിയില്‍ വിയറ്റ്നാം സമയം രാവിലെ 7 മണിക്കെത്തും. തിരിച്ച് അവിടെനിന്ന് 8 മണിക്ക് പുറപ്പെട്ട് ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളിലായി രാത്രി 11.30 ന് തിരുച്ചിയിലെത്തുന്നതാണ്.
ഇതോടെ ഇന്ത്യയില്‍നിന്ന് വിയറ്റ്നാമിലേക്ക് ആഴ്ചയില്‍ 35 സര്‍വീസുകളാവും. മുംബൈ, ന്യൂഡെല്‍ഹി, അഹമ്മദാബാദ് നഗരങ്ങളില്‍നിന്നാണ് നിലവില്‍ വിയറ്റ് ജെറ്റിന് സര്‍വീസുള്ളത്. കൊച്ചി സര്‍വീസ് ഈ മാസം 12 ന് തുടങ്ങും.
ഈ അവസരത്തില്‍ ഒരു ദിവസത്തേക്ക് മാത്രമായി ടിക്കറ്റ് നിരക്കില്‍ 88 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കയാണ് വിയറ്റ്ജെറ്റ്. ഈമാസം 8 ന് പുലര്‍ച്ചെ 12 മണി മുതല്‍ രാത്രി 11.59 വരെ എല്ലാ റൂട്ടുകളിലും ഈ ആനുകൂല്യം ലഭ്യമാണ്. കൂടാതെ ഇന്ത്യക്കാര്‍ക്ക് ദീപാവലി ആഘോഷിക്കുന്നതിനായി ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ നിരക്കില്‍ ഇളവ് പ്രഖ്യാപിക്കുന്നു. ഒരുവശത്തേക്ക് യാത്ര ചെയ്യുന്നതിനായി വെറും 5,555 രൂപ മാത്രമാണ് ഈടാക്കുക. www.vietjetair.com എന്ന വെബ്സൈറ്റിലോ മൊബൈല്‍ ആപ്പിലോ ഇതിന്റെ വിശദാംശങ്ങള്‍ അറിയാവുന്നതാണ്.