പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കില്ലെന്ന് സുപ്രീംകോടതി.പകരം ഹൈക്കോടതി വിധിയിൽ ഭേദഗതി വരുത്തി. വിജയ് ബാബുവിനെ എപ്പോൾ വേണമെങ്കിലും അന്വേഷണസംഘത്തിന് ചോദ്യം ചെയ്യാമെന്നും സുപ്രീം കോടതി പറഞ്ഞു. ഇരയുടെ പേരു വെളിപ്പെടുത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
ഹൈക്കോടതി ചോദ്യം ചെയ്യാനുള്ള സമയത്തിനു പോലും നിയന്ത്രണം ഏർപ്പെടുത്തി. വിജയ് ബാബുവിനെ അറസ്റ്റു ചെയ്തില്ലെങ്കിൽ തെളിവ് നശിപ്പിക്കുമെന്നും വിജയ് ബാബു വാട്സാപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തുവെന്നും സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. പരാതി പിൻവലിക്കാൻ സമ്മർദ്ദമുണ്ടെന്ന് നടിയുടെ അഭിഭാഷകനും കോടതിയെ അറിയിച്ചു. പ്രതിക്കും പരാതിക്കാരിക്കും ഇടയിലെ ബന്ധം ജാമ്യം തീരുമാനിക്കുമ്പോൾ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നടിക്കെതിരെ വിജയ് ബാബു സാമൂഹ്യമാധ്യമ പോസ്റ്റുകൾ പ്രസിദ്ധീകരിക്കരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
മുൻകൂർ ജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്നാണ് പരാതിക്കാരി സമർപ്പിച്ച ഹർജിയിൽ പറഞ്ഞിരുന്നു. വിജയ് ബാബുവിന് ജാമ്യം നൽകിയതിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളിലും പ്രോസിക്യൂഷന് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. മതിയായ തെളിവുകൾ ഉണ്ടായിട്ടും ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ സർക്കാർ പറയുന്നത്. പ്രതി വിവാഹിതനായതിനാൽ വിവാഹ വാഗ്ദാനം നൽകി എന്ന് പറയാനില്ല, പരാതിക്കാരിയും ആരോപണ വിധേയനും ഇൻസ്റ്റഗ്രാമിൽ ചാറ്റുകൾ നടത്തിയിട്ടുണ്ട്.
ഇവർ തമ്മിലുള്ള സംഭാഷണം ഗാഢമായ ബന്ധം സൂചിപ്പിക്കുന്നതാണ്. അതിലൊന്നും ലൈംഗികാതിക്രമത്തെ കുറിച്ച് സൂചിപ്പിക്കുന്നില്ലായെന്നായിരുന്നു ഹൈകോടതിയുടെ നിരീക്ഷണം. വിദേശത്ത് ഇരിക്കെയാണ് ബലാത്സംഗ കേസിൽ പ്രതിയായ വിജയ് ബാബുവിന് ഉപാധികളോടെ ജൂൺ 22ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് മുൻകൂർ ജാമ്യം അനുവദിച്ചത്. പിന്നാലെ നാട്ടിലെത്തിയ വിജയ് ബാബുവിനെ ചോദ്യം ചെയ്ത് ജൂൺ 27ന് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.