ബെംഗളുരു | ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3യുടെ വിക്രം ലാന്‍ഡര്‍ ആദ്യം ഇറങ്ങിയ സ്ഥലത്ത് നിന്നും അന്തരീക്ഷത്തില്‍ ഉയരുകയും വീണ്ടും സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്തുകയും ചെയ്തുവെന്ന് ഇസ്രോ. ഹോപ്പ് എക്സ്പിരിമെന്റ് എന്ന് വിളിക്കുന്ന ഈ പരീക്ഷണം വിജയകരമായതായി ഇസ്രോ എക്സ് പോസ്റ്റ് ചെയ്തു.
ഭൂമിയില്‍ നിന്ന് നിര്‍ദേശം നല്‍കിയാണ് ലാന്‍ഡറിനെ ഏകദേശം 40 സെന്റീ മീറ്റര്‍ ഉയര്‍ത്തിയത്.
30-40 സെന്റീ മീറ്റര്‍ അകലത്തില്‍ മറ്റൊരിടത്ത് സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡ് ചെയ്യുകയും ചെയ്തു. ഈ പരീക്ഷണത്തിന് മുന്നോടിയായി പ്രഗ്യാന്‍ റോവറിന് ഇറങ്ങുന്നതിനായി ഒരുക്കിയ റാമ്പും, ChaSTE, ILSA എന്നീ ഉപകരണങ്ങളും മടക്കി വെക്കുകയും ലാന്‍ഡിങിന് ശേഷം അവ വീണ്ടും വിന്യസിക്കുകയും ചെയ്തു.
ഭാവിയില്‍ ചന്ദ്രനില്‍ നിന്ന് ശേഖരിക്കുന്ന സാമ്പിളുകള്‍ ഭൂമിയിൽ എത്തിക്കുന്നതിനും മനുഷ്യ യാത്രക്കും സഹായകമാവുന്ന പേടകങ്ങള്‍ നിര്‍മിക്കുന്നതിന് ഈ പരീക്ഷണത്തിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ പ്രയേജനം ചെയ്യും.