കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലപാതകത്തിലെ പ്രതി ശ്യാംജിത്തിനെ കൂത്തുപറമ്പിലെ കടയിൽ തെളിവെടുപ്പിന് എത്തിച്ചു. പ്രതി ചുറ്റിക വാങ്ങിയ കൂത്തുപറമ്പിലെ കടയിലാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. ഈ ചുറ്റിക ഉപയോഗിച്ചാണ് പ്രതി വിഷ്ണുപ്രിയയെ തലക്കടിച്ച് വീഴ്ത്തിയത്.
നിർവ്വികാരനായാണ് ശ്യാംജിത്ത് തെളിവെടുപ്പിന് എത്തിയത്. കടയുടമ ഇയാളെ തിരിച്ചറിഞ്ഞു. അതിന് ശേഷം പൊലീസിന് മൊഴി കൊടുത്തു. ശ്യാംജിത്തിനെ ഇന്ന് കോഴിക്കോടേക്ക് കൊണ്ടുപോകും. വിഷ്ണുപ്രിയയും പൊന്നാനിക്കാരനായ സുഹൃത്തും കോഴിക്കോട് വെച്ച് ശ്യാംജിത്തുമായി പ്രശ്നമുണ്ടായിരുന്നു.
അതെവിടെയാണ് എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് ശ്യാംജിത്തിനെയും കൊണ്ട് കോഴിക്കോടേക്ക് പോകുക. ഈ സംഭവമാണ് കൂടുതൽ പകക്ക് കാരണമായതെന്നാണ് ശ്യാംജിത്തിന്റെ മൊഴി.
ശനിയാഴ്ചയാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) പ്രണയപ്പകയിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയോടെ യുവതിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി.
രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകൾ തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്.
അറസ്റ്റിലായ അന്നുമുതൽ യാതൊരു കൂസലോ കുറ്റബോധമോ ഇല്ലാതെയാണ് ശ്യാംജിത്ത് അന്വേഷണത്തെ നേരിട്ടതും മൊഴി നൽകിയതും. ‘എനിക്കിപ്പോൾ 25 വയസേയുള്ളൂ. 14 വർഷമല്ലേ ശിക്ഷ? അത് ഗൂഗിളിൽ ഞാൻ കണ്ടിട്ടുണ്ട്. 39-ാം വയസിൽ പുറത്തിറങ്ങും. തനിക്കൊന്നും നഷ്ടപ്പെടാനില്ല’ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ശ്യാംജിത്ത് പറഞ്ഞത്.
കേസില്‍ അറസ്റ്റിലായ ശ്യാംജിത്ത് വിഷ്ണുപ്രിയയെ കൂടാതെ മറ്റൊരു കൊലപാതകം കൂടെ ആസൂത്രണം ചെയ്തിരുന്നുവെന്നുള്ള വിവരം കൂടെ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്. ഇയാൾ വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്ന് ശ്യാംജിത് സംശയിച്ചിരുന്നു.
പ്രണയം തകർന്നതാണ് പകയിലേക്ക് എത്തിയത്. പ്രണയം പെൺകുട്ടി അവസാനിപ്പിച്ചതോടെ ശ്യാംജിത്തിന് സംശയം തുടങ്ങി. സുഹൃത്തുമായി പ്രണയത്തിലാണെന്ന് സംശയിച്ചു.ഇതോടെ വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാൻ തീരുമാനിച്ചു.