വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞിട്ടും യുഎഇയില്‍ തങ്ങുന്നവര്‍ക്കെതിരെ ഇനി മുതല്‍ കടുത്ത നടപടിയുണ്ടാകും. ഇത്തരക്കാര്‍ക്കെതിരെ യുഎഇ ട്രാവല്‍ ഏജന്‍സികള്‍ക്കും ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും കേസ് ഫയല്‍ ചെയ്യാമെന്നാണ് പുതിയ നിര്‍ദേശം. വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയാല്‍ ബ്ലാക് ലിസ്റ്റ് ചെയ്യപ്പെടാനും മുഴുവന്‍ ജിസിസി രാജ്യങ്ങളിലേക്കും പ്രവേശനം വിലക്കാനും കാരണമാകുന്നതാണ് നടപടിക്രമങ്ങള്‍.വിസാ കാലാവധി കഴിഞ്ഞാല്‍ രാജ്യത്ത് തങ്ങാവുന്ന പരമാവധി കാലാവധി അഞ്ച് ദിവസമാണ്. കാലാവധി കഴിഞ്ഞാല്‍ ഒന്നുകില്‍ വിസ നീട്ടണം. അല്ലെങ്കില്‍ രാജ്യം വിട്ടുപോകണം. ഇത് ലംഘിക്കുന്നവരെ കരിമ്പട്ടികയില്‍പ്പെടുത്തും. അതേസമയം ഈ നിര്‍ദേശം ട്രാവല്‍ ഏജന്‍സികളുടേതാണ്. ഇമിഗ്രേഷന്‍ അധികൃതരുടേതല്ല.
’30 അല്ലെങ്കില്‍ 60 ദിവസത്തെ സന്ദര്‍ശക വിസയില്‍ യുഎഇയിലേക്കെത്തുന്നവര്‍ ഞങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിന് കീഴിലാണ്. സന്ദര്‍ശകന്‍ വിസ കാലാവധി കഴിഞ്ഞാല്‍ കുഴപ്പത്തിലാകുന്നതും നഷ്ടം സംഭവിക്കുന്നതും സ്‌പോണ്‍സര്‍മാര്‍ക്കാണ്. ഞങ്ങളുടെ സുരക്ഷയ്ക്കായാണ് ഈ നിര്‍ദേശം പുറപ്പെടുവിക്കുന്നത്’. യുഎഇയിലെ റൂഹ് ടൂറിസത്തിന്റെ ഓപ്പറേഷനല്‍ ഡയറക്ടര്‍ ലിബിന്‍ വര്‍ഗീസ് പറഞ്ഞു. സന്ദര്‍ശകര്‍ വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടര്‍ന്നാല്‍ ട്രാവല്‍ ഏജന്‍സിമാരും പിഴ നല്‍കേണ്ടിവരും. 2000 ദിര്‍ഹമാണ് പിഴയായി ഈടാക്കുന്ന ഏറ്റവും കുറഞ്ഞ തുക.