/
10 മിനിറ്റ് വായിച്ചു

“ജീവപര്യന്തം പ്രതീക്ഷിച്ചു “;മേൽക്കോടതിയിൽ അപ്പീൽ പോകുമെന്ന് വിസ്മയയുടെ അമ്മ

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് പ്രതീക്ഷിച്ച ശിക്ഷ ലഭിച്ചില്ലെന്ന് വിസ്മയയുടെ മാതാവ് സജിത. ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു. ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നു. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും. ശിക്ഷ കുറഞ്ഞുപോയെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.പ്രതി കിരണ്‍കുമാറിന് പത്ത് വര്‍ഷം കഠിന തടവ് വിധിച്ചതിന് പിന്നാലെയാണ് അമ്മയുടെ പ്രതികരണം. മൂന്ന് വകുപ്പുകളിലായി 18 വര്‍ഷമാണ് ശിക്ഷ. ഐപിസി 304, പത്ത് വര്‍ഷം തടവുശിക്ഷ, 306 ആറു വര്‍ഷം തടവ്, 498 രണ്ട് വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷ. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാവും. ഇതിന് പുറമേ പന്ത്രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷയിലുണ്ട്. രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കും.നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് ഏറെ ചര്‍ച്ചയായ കേസില്‍ വിധി വരുന്നത്. 2021 ജൂണ്‍ 21 നാണ് കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു.2020 മെയ് 30 നാണ് ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായ വിസ്മയ കിരണ്‍ കുമാറിനെ വിവാഹം ചെയ്തത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജും പ്രതി ഭാഗത്തിന് വേണ്ടി അഭിഭാഷകന്‍ പ്രതാപ ചന്ദ്രന്‍ പിള്ളയുമാണ് കോടതിയില്‍ ഹാജരായത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!