പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച സംഭവത്തില്‍ വ്‌ളോഗര്‍ അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശി പുത്തന്‍ പുരയ്ക്കല്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഫ്രാന്‍സിസിന്റെ മട്ടാഞ്ചേരിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ഗ്രാം കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു. മട്ടാഞ്ചേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.എസ് പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്.
പെണ്‍കുട്ടിയും വ്‌ളോഗറും തമ്മില്‍ നടന്ന സംഭാഷണങ്ങളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. പിന്നാലെയാണ് എക്‌സൈസും സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. പെണ്‍കുട്ടി ദൃശ്യം സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുക്കാനാണ് തൃശൂര്‍ കാട്ടൂര്‍ പൊലീസിന്റെ തീരുമാനം.
നീ പൊകയടി ഉണ്ടോയെന്ന് ഫ്രാന്‍സിസ് ചോദിക്കുമ്പോള്‍ ‘ഇപ്പോ ബോങ് ഒക്കെ അടിച്ചുനടക്കുന്നു, വേറെ എന്ത് പരിപാടി’ എന്നായിരുന്നു വീഡിയോയില്‍ പെണ്‍കുട്ടിയുടെ മറുപടി. അത് പൊളിച്ചു. ഗോ ഗ്രീന്‍ അത് പച്ചക്കറിയാണ്. ഞാന്‍ 24 മണിക്കൂറും അടിയാണ് നാട്ടില്‍ വന്നിട്ട് ഒന്നിച്ച് അടിക്കാം. എന്നാണ് പിന്നാലെ ഇയാള്‍ നല്‍കുന്ന മറുപടി.
സാധനമൊന്നും കിട്ടാനില്ലെന്ന് പെണ്‍കുട്ടി പറയുമ്പോള്‍ ഫോര്‍ട്ട് കൊച്ചി വരെ കയറാന്‍ പറ്റോ, അല്ലെങ്കില്‍ കോതമംഗലം വരെ പോകാന്‍ പറ്റോ എന്നും ഇയാള്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. തുടര്‍ന്ന് സുഹൃത്തിനോടൊപ്പം കഞ്ചാവ് കൈവശം വച്ചതിന് പൊലീസ് ഒരിക്കല്‍ പിടികൂടിയെന്നും വീട്ടുകാരാണ് ഇറക്കിക്കൊണ്ട് വന്നതെന്നും പെണ്‍കുട്ടി പറയുന്നു.