കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ ദിലീപ് ഉൾപ്പെടെ പ്രതികളുടെ ചോദ്യം ചെയ്യലിനിടെ തന്നെ വിളിച്ചു വരുത്തിയത് പ്രതികളുടെ ശബ്ദരേഖ തിരിച്ചറിയാൻ വേണ്ടിയാണെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ വ്യാസൻ എടവനക്കാട്. ദിലീപടക്കം എല്ലാവരുടെയും ശബ്ദം തിരിച്ചറിഞ്ഞു. വർഷങ്ങളായി അടുപ്പം ഉള്ളവരാണ് എല്ലാവരുമെന്ന് വ്യാസൻ എടവനക്കാട് പറഞ്ഞു. ബാലചന്ദ്ര കുമാർ നൽകിയ ശബ്ദ സാമ്പിളില്‍ നിന്നാണ് ദിലീപിന്റെ ശബ്ദം വ്യാസൻ തിരിച്ചറിഞ്ഞത്.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ ഇന്നലെ സംവിധായകൻ റാഫിയെ വിളിച്ചുവരുത്തിയതും ദിലീപിന്‍റെ ശബ്ദം തിരിച്ചറിയാന്‍ ആയിരുന്നു. ബാലചന്ദ്ര കുമാർ നൽകിയ ശബ്ദ സാമ്പിളില്‍ നിന്ന് ദിലീപിന്‍റെ ശബ്ദം റാഫി തിരിച്ചറിഞ്ഞിരുന്നു. എസ്പിയുടെ ക്യാബിനില്‍ വച്ച് എല്ലാ ശബ്ദരേഖയും പ്രതികളെ കേൾപ്പിച്ചിരുന്നു. ഇവരുടെ ശബ്ദം തന്നെയാണോ ഇതിലുള്ളതെന്നും ആരാഞ്ഞു. ഇതിനുശേഷമാണ് തിരിച്ചറിയാൻ അതുമായി ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയത്.