അവതാരകയോട് അപമര്യാദയായി സംസാരിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിക്ക് എതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടപടിയെടുത്ത സംഭവത്തിൽ പ്രതികരിച്ച് ഡബ്ല്യുസിസി. സഹപ്രവർത്തകരോടു കാണിക്കേണ്ട ബഹുമാനത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്താൻ സഹായിക്കുന്ന നടപടിയാണ് സ്വീകരിച്ചത്.
എന്നാൽ ഒരു സംഭവത്തിൽ മാത്രം ഇത്തരം നടപടികൾ കൈക്കൊണ്ടാൽ മതിയോ എന്ന് ഡബ്ല്യുസിസി ചോദിച്ചു. സമീപകാലത്തുണ്ടായ വിജയ് ബാബുവിന്റെയും, ലിജു കൃഷ്ണയുടെയും കേസുകളിൽ എന്തുകൊണ്ടാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഒരു നടപടിയും സ്വീകരിക്കാത്തതെന്നും ഡബ്ല്യുസിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചോദിച്ചു.
‘ആരൊക്കെ അച്ചടക്കം പാലിക്കണം, ആരൊക്കെ അച്ചടക്കം പാലിക്കണ്ട എന്നത് പണവും അധികാരവുമാണോ നിശ്ചയിക്കുന്നത്? മലയാള ചലച്ചിത്ര വ്യവസായത്തിലെ ഒരു നിർണായക സ്ഥാപനമെന്ന നിലയിൽ, ലിംഗവിവേചനത്തോടും, മറ്റ് അതിക്രമങ്ങളോടും യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത നയം കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുകൾ സ്വീകരിക്കുകയും, ഈ വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ ഉചിതങ്ങളായ നടപടികൾ കൈക്കൊള്ളുകയും വേണം.
അത്തരം വ്യക്തികളെ ഈ സിനിമാ മേഖലയിൽ ജോലി ചെയ്യുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നതിനും, അതുവഴി നമ്മുടെ ജോലിസ്ഥലം മാന്യവും ഏവർക്കും സുരക്ഷിതവുമാക്കാൻ ഉതകുന്ന സംവിധാനങ്ങൾ സജ്ജമാക്കാൻ ഞങ്ങൾ KFPA(കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ)യോട് അഭ്യർത്ഥിക്കുന്നു’ ഡബ്ല്യുസിസി അറിയിച്ചു.