സര്‍ക്കാരിന്റെ പ്രകൃതി സൗഹൃദ പ്രചാരണത്തിന്റെ ഭാഗമായി സിഎന്‍ജി ഓട്ടോറിക്ഷകള്‍ എടുത്ത് കുരുക്കിലായി ഓട്ടോറിക്ഷ തൊഴിലാളികള്‍. കോഴിക്കോട് നഗരത്തില്‍ സിറ്റി പെര്‍മിറ്റ് ലഭിക്കാത്തതിനാല്‍ മുന്നൂറിലധികം തൊഴിലാളികളാണ് മാസങ്ങളായി വരുമാനം നിലച്ച് പട്ടിണിയിലായത്. പരാതിപരിഹാരത്തിനായി ഗതാഗത മന്ത്രി നടത്തിയ വാഹനീയം അദാലത്തിലും പരിഹാരമുണ്ടായില്ലകുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വിലയെ പേടിച്ചാണ് കോഴിക്കോട് നഗരത്തില്‍ ഓട്ടോറിക്ഷ ഓടിച്ചിരുന്നവര്‍ സിഎന്‍ജി വാഹനങ്ങള്‍ വാങ്ങിയത്. പക്ഷേ വാഹനങ്ങള്‍ ഇതുവരെ നഗരത്തിലിറക്കാന്‍ സാധിച്ചിട്ടില്ല. 2018-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പുതിയതായി 3000 പെര്‍മിറ്റുകള്‍ നല്‍കാം. ഇതില്‍ 2000 പെര്‍മിറ്റുകള്‍ ഇലക്ട്രിക് ഓട്ടോകള്‍ക്കായി മാറ്റിവച്ചു. ബാക്കിയുള്ള പെര്‍മിറ്റുകള്‍ സിഎന്‍ജി, എല്‍പിജി ഓട്ടോറിക്ഷകള്‍ക്ക് നല്‍കാനായിരുന്നു ധാരണ. ഇത് പ്രകാരം കഴിഞ്ഞ നവംബറില്‍ 134 സിഎന്‍ജി പെര്‍മിറ്റ് നല്കി. ഇതിന് ശേഷം പണമടച്ച് അപേക്ഷ നല്കിയവരും സിഎന്‍ജി ഓട്ടോറിക്ഷ വാങ്ങിയവരുമാണ് വെട്ടിലായത്.