കണ്ണൂർ ജില്ലയിലെ ചില സ്കൂളുകളിൽ മുണ്ടിനീര് (Mumps) പടരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലക്ഷണങ്ങള്‍ അനുസരിച്ച് ഉള്ള ചികിത്സകള്‍ ആണ് മുണ്ടിനീരിനു നല്‍കേണ്ടത്. അതാത് പ്രദേശത്തെ ആശുപത്രികള്‍ വഴി ഇത് നല്കാന് ഉള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു വൈറൽ അസുഖം ആയതിനാൽ രോഗലക്ഷണം ഉള്ളവർ വീടുകളിൽ ഐസൊലേഷനിൽ കഴിയുകയാണ് പ്രധാനം. അതിനുള്ള നിര്‍ദേശം സ്കൂളുകള്‍ക്ക് നല്‍കിയതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു.
എന്താണ് മുണ്ടിനീര്?
പാരാമിക്സോ വൈറസ് വിഭാഗത്തിൽ പെടുന്ന വൈറസ് ഉണ്ടാക്കുന്ന ഒരു അസുഖമാണ് മുണ്ടിനീര്.
എന്തൊക്കെയാണ് ലക്ഷണങ്ങൾ?
കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ഈ അസുഖം ബാധിച്ചേക്കാം.
പനി, തലവേദന, ഛർദി, ദേഹവേദന ഒക്കെയാവാം തുടക്കത്തിൽ ലക്ഷണങ്ങൾ. രണ്ടു ദിവസം കഴിയുമ്പോഴേക്കും ചെവിയുടെ പുറകിൽ നിന്നു തുടങ്ങി കവിളിലേക്ക് പടർന്നു വരുന്ന രീതിയിൽ പരോട്ടിഡ് ഗ്രന്ഥിയിൽ വീക്കമുണ്ടാവുന്നു. വീക്കം ആദ്യം ഒരു വശത്തു മാത്രം തുടങ്ങാമെങ്കിലും താമസിയാതെ 70 ശതമാനം കുട്ടികളിലും രണ്ടുവശത്തുമുണ്ടാവാം. നീരുള്ള ഭാഗത്തും ചെവിയിലുമായി ശക്തമായ വേദനയുമുണ്ടാകും. ഭക്ഷണം കഴിക്കാനും വെള്ളമിറക്കാനുമൊക്കെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.
മുണ്ടിനീര് പകരുന്നതെങ്ങനെ?
അസുഖമുള്ള ഒരാൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങൾ വഴിയാണ് കൂടുതലായും രോഗപ്പകർച്ചയുണ്ടാകുന്നത്. വായുവിലൂടെ വേഗത്തിൽ പടരുന്ന രോഗമാണ് ഇത്. ഒരാളുടെ ശരീരത്തിൽ രോഗാണു കയറി ലക്ഷണങ്ങൾ ഉണ്ടാക്കുന്നതിന്റെ ഏഴു ദിവസം മുമ്പ് മുതൽ ഉമിനീർ ഗ്രന്ഥി വീക്കമുണ്ടായതിനു ശേഷം അഞ്ചു ദിവസം വരെ രോഗം മറ്റൊരാളിലേക്ക് പകർന്നേക്കാം.
കൂടാതെ ഗർഭിണികളിൽ ആദ്യത്തെ മൂന്നു മാസങ്ങളിൽ മുണ്ടിനീരുണ്ടായാൽ ഗർഭം അലസിപോകാനും സാധ്യതകളേറെയാണ്.
രോഗം പടരാതിരിക്കാന്‍ എന്ത് ചെയ്യണം ?
1.രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഈ കാലയളവില്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാതെ കഴിയുക.
2.ഈ കാലയളവില്‍ മുഴുവനും മാസ്ക് ഉപയോഗിക്കുക
3.ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടനെ തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടുക