കേരളത്തില്‍ ഏത് പദ്ധതി വന്നാലും എതിര്‍ക്കുന്ന ചിലരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഏത് സര്‍ക്കാരായാലും ഇതേ നിലപാടാണ്. അതില്‍ പലതും രാഷ്ട്രീയ പ്രസ്ഥാനങ്ങളല്ല. പ്രത്യേക വിഭാഗങ്ങളുമുണ്ട്. ആ കൂട്ടത്തില്‍ നില്‍ക്കുന്ന പത്രമാണ് മാതൃഭൂമി. കേരളത്തിലെ ഒരു പദ്ധതിയെയും ഈ പത്രം അനുകൂലിച്ചിട്ടില്ല. കേരള ചരിത്രത്തിന്‍റെ ഒരുഘട്ടത്തിലും നാടിന് ആവശ്യമായ ഒരു പദ്ധതിയുടെ ആരംഭഘട്ടത്തില്‍ അനുകൂലിക്കാന്‍ ഈ പത്രം തയാറായിട്ടില്ല. അതിനൊയൊക്കെ സാക്ഷ്യപ്പെടുത്തി കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് ശരിയല്ല. അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങളാണ് എഴുതിപിടിപ്പിക്കുന്നത്. അതിനെ ആയുധമാക്കാനിറങ്ങുന്നത് നല്ല കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ അടിയന്തിര പ്രമേയ അവതരണത്തിന് അനുമതി തേടിയ റോജി എം. ജോണ്‍ മാതൃഭൂമിയെ ഉദ്ധരിച്ചപ്പോഴായിരുന്നു പ്രതികരണം.
സംസ്ഥാനത്ത് വികസന പദ്ധതികളുടെ നടപ്പാക്കലില്‍ മൗലിക മാറ്റങ്ങള്‍ വ്യക്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീശപാത 66ന് ഭൂമി ഏറ്റെടുക്കേണ്ടിയിരുന്നത് 1162 ഹെക്ടര്‍. 24 പക്കേജ് നിശ്ചയിച്ചു. 2016വരെ 89.3 ഹെക്ടറാണ് ഏറ്റെടുത്തത്. 489.81 രുപയും വിതരണംചെയ്തു. 2016നുശേഷം 1070 ഹെക്ടര്‍ ഏറ്റെടുത്തു. 21,219 കോടി രൂപ നഷ്ടപരിഹാരം നല്‍കി. അവശേഷിക്കുന്നത് 12 ഹെക്ടര്‍മാത്രം. 989 കോടി നല്‍കണം. അവകാശതര്‍ക്കവും കോടതി വ്യവഹാരങ്ങളുമൊക്കെയാണ് ഇതിന് തടസം.
വികസന പദ്ധതികള്‍ നാടിന്‍റെ പൊതുമുന്നേറ്റത്തെ സഹായിക്കും. വരും തലമുറ അതിന്‍റെ സ്വാദ് പൂര്‍ണമായും അനുഭവിക്കും. അത് മനസ്സിലാക്കാതെ വിരുദ്ധ നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്.
സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച സര്‍വെക്കല്ലുകള്‍ ആര്‍ക്കും പ്രയാസം സൃഷ്ടിക്കില്ല. ഭൂക്രയവിക്രയത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ സാങ്കേതിക തടസങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.