/
11 മിനിറ്റ് വായിച്ചു

‘കേന്ദ്രവിഹിതം കുറഞ്ഞു’; റേഷന്‍കടകളില്‍ നിന്നുള്ള ആട്ട വിതരണം നിലച്ചേക്കും

കണ്ണുര്‍: റേഷന്‍ കടകളില്‍നിന്നു മുന്‍ഗണനാവിഭാഗക്കാര്‍ക്കുള്ള ആട്ട വിതരണം പൂര്‍ണമായും നിലച്ചേക്കും. കേന്ദ്രവിഹിതം കുത്തനെ കുറഞ്ഞതിനെ തുടര്‍ന്നാണ് വിതരണം ബുദ്ധിമുട്ടിലാകുക. നിലവില്‍ പല റേഷന്‍ കടകളിലും ആട്ട ലഭ്യമല്ല.

കേരളത്തിനായി കേന്ദ്രം നല്‍കിയിരുന്ന റേഷന്‍ ഗോതമ്പില്‍ 6459.07 മെട്രിക് ടണ്‍ ഗോതമ്പാണ് ഒറ്റയടിക്ക് നിര്‍ത്തിയത്.റേഷന്‍ കാര്‍ഡുകളില്‍ നീല, വെള്ള കാര്‍ഡുടമകള്‍ക്കാണ് ഇതോടെ ആട്ടയും ഗോതമ്പും ലഭിക്കാതായത്. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഗോതമ്പ് സ്വകാര്യ കമ്പനികളില്‍ ഏല്‍പ്പിച്ച് പൊടിയാക്കി വിതരണം ചെയ്യാറാണ് പതിവ്.

എന്നാല്‍ ഇങ്ങനെ വിതരണം ചെയ്യുന്ന ആട്ടയുടെ ഗുണനിലവാരത്തെ കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഗുണനിലവാരം ഇല്ലാത്ത ആട്ട കടകളില്‍ നിന്ന് പിന്‍വലിച്ച് കാലീത്തീറ്റയാക്കുകയായിരുന്നു. ഇതിനിടയിലാണ് കേന്ദ്രം ഗോതമ്പ് ക്വാട്ട നിര്‍ത്തിയത്. പകരം റാഗി നല്‍കുമെന്ന് പറഞ്ഞെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.

നേരത്തെ വാര്‍ഷിക റേഷന്‍ വിഹിതം 16.04 ലക്ഷം ടണ്ണില്‍ നിന്ന് 14.25 ലക്ഷം ടണ്ണായി കുറച്ചിരുന്നു. മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് നല്‍കുന്ന സ്‌പെഷ്യല്‍ റേഷന്‍ ഈ മാസം അവസാനത്തോടെ നിലയ്ക്കും. സ്‌പെഷ്യല്‍ അരിയും ഗോതമ്പും വിതരണത്തിനില്ലെങ്കില്‍ കമ്മീഷന്‍ 30 ശതമാനമെങ്കിലും കുറയുമെന്നാണ് റേഷന്‍കടക്കാര്‍ പറയുന്നത്.

2020 മുതലാണ് കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ചു കിലോ അരി സൗജന്യമായി നല്‍കിയിരുന്നത്. എന്നാല്‍ നേരത്തേ നാലുകിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ലഭിച്ചിരുന്നത്. സ്വകാര്യ മര്‍ക്കറ്റിലുള്ളതിന്റെ മൂന്നിലൊന്നു വിലയെ റേഷന്‍ ആട്ടയ്ക്ക് ഉണ്ടായിരുന്നുള്ളു.

മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് രണ്ടുമുതല്‍ നാലു കിലോവരെയാണ് ആട്ട വിതരണം ചെയ്തിരുന്നത്. ബിപിഎല്‍ വിഭാഗത്തിലെ കാര്‍ഡുകള്‍ക്ക് ഒരു കിലോ വീതമാണ് ആട്ട നല്‍കുന്നത്. ഇതാണ് പല കടകളിലും ലഭിക്കാത്തത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!