അയൽവാസികൾ വീടിന്റെ ടെറസിൽ നിന്ന് തനിക്ക് നേരെ ചൂളമടിക്കുകയും ആംഗ്യങ്ങൾ കാണിക്കുകയും ചെയതെന്ന് ആരോപിച്ച് മൂന്ന് പേര്‍ക്കെതിരെ പരാതിയുമായി യുവതി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീ നല്കിയ പരാതി പരിഗണിച്ച ബോംബൈ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് കേസില്‍ ആരോപണവിധേയരായവര്‍ക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.
ഒരു വ്യക്തി തന്റെ സ്വന്തം വീട്ടില്‍ ഇരുന്ന് പുറപ്പെടുവിക്കുന്ന ശബ്ദം ദുരുദ്ദേശ്യത്തോടെയാണെന്ന് അനുമാനിക്കാന്‍ കഴിയില്ലെന്നാണ് കോടതി ബെഞ്ച് വ്യക്തമാക്കിയത്. പട്ടികജാതി-പട്ടികവര്‍ഗ്ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ 3(1)(ഡബ്ല്യു)(ഐ), (ii) വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ യുവതി പരാതി നല്‍കിയത്.എസ് സി/ എസ്ടി വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിക്കുകയോ, അപമാനിക്കുകയോ ചെയ്താലാണ് ആദ്യത്തെ വകുപ്പ് പ്രകാരം കേസെടുക്കാന്‍ കഴിയുകയെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് വിഭ കങ്കണ്‍വാടി, അഭയ് വര്‍ഗ്ഗീസ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.പൊലീസ് സമര്‍പ്പിച്ച എഫ്ഐആര്‍ പ്രകാരം പ്രതികള്‍ പരാതിക്കാരിയെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
തന്റെ അയല്‍വാസികളായ മൂന്നുപേരും അനാവശ്യമായി ചില ശബ്ദങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും ചിലപ്പോള്‍ വാഹനങ്ങളിലെത്തി നിരന്തരം ഹോണ്‍ മുഴക്കുന്നുവെന്നുമാണ് പരാതിക്കാരിയുടെ പ്രധാന ആരോപണം. തന്നെ അസ്വസ്ഥപ്പെടുത്താന്‍ ചിലപ്പോള്‍ വീട്ടിലെ പാത്രങ്ങള്‍ കൊട്ടി ശബ്ദം ഉണ്ടാക്കാറുണ്ടെന്നും പരാതിക്കാരി പറയുന്നു. വളരെ അരോചകമാണിതെന്നും പരാതിയില്‍ പറയുന്നുണ്ട്.മുമ്പ് കേസ് പരിഗണിച്ച വിചാരണ കോടതി പ്രതികളായ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നിഷേധിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.