കേരളത്തില്‍ വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 18 മാസത്തിനിടെ വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത് 123 ജീവനുകൾ. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഏകദേശം 60ലധികം പേര്‍ മരിച്ചത് പാമ്പ് കടിയേറ്റാണ്. സംസ്ഥാന വനംവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലും വന്യജീവി ആക്രമണത്തെപ്പറ്റി വിശദമാക്കുന്നുണ്ട്.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് 2021 ജൂണ്‍ മുതല്‍ 2022 ഡിസംബര്‍ 22 വരെ റിപ്പോര്‍ട്ട് ചെയ്തത് ഏകദേശം 88287 കേസുകളാണ്. കാര്‍ഷിക വിളകള്‍ നശിപ്പിച്ചതും വീടുകള്‍ നശിപ്പിക്കപ്പെട്ടതുമായ കേസുകളുടെ എണ്ണം ഏകദേശം 8707 ആണ്. ഏറ്റവും കൂടുതല്‍ വന്യജീവി ആക്രമണങ്ങള്‍ നടന്നത് കിഴക്കന്‍ വനം വകുപ്പിന് കീഴിലുള്ള പാലക്കാട്, നിലമ്പൂര്‍, മണ്ണാര്‍ക്കാട്, നെന്‍മാറ എന്നീ സ്ഥലങ്ങളിലാണ്. ഏകദേശം 43 പേരാണ് ഇവിടെ വന്യജീവികളുടെ ആക്രമണത്തിനിരയായത്.