ന്യൂഡൽഹി > ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിൽ വൈദ്യുതാഘാതമേറ്റ് സ്‌ത്രീ മരിച്ചു. കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാർ സ്വദേശിനി സാക്ഷി അഹൂജയാണ് മരിച്ചത്. റെയിൽവേ സ്‌റ്റേഷനിലെ വൈദ്യുത തൂണിൽനിന്ന് ഷോക്കേറ്റാണ് മരണം. കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച ശക്തമായ മഴയിൽ റെയിൽവേ സ്‌റ്റേഷൻ പരിസരം കനത്ത വെള്ളക്കെട്ടിലായിരുന്നു.
യുവതിയെ ബന്ധുക്കളും മറ്റു യാത്രക്കാരും ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റെയിൽവേ സ്റ്റേഷന്റെ എക്സിറ്റ് നമ്പർ വണ്ണിനു സമീപമായിരുന്നു അപകടം. ബന്ധപ്പെട്ട അധികാരികളുടെ അനാസ്ഥയാണ് മരണകാരണം എന്നാരോപിച്ച് സാക്ഷിയുടെ സഹോദരി മാധ്വി ചോപ്ര പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.