റേഷൻകടകളിലൂടെയുള്ള പുഴുക്കലരി വിതരണം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. സംസ്ഥാനത്തിനുള്ള വിഹിതം 70ൽ നിന്ന് 30 ശതമാനമാക്കി. പകരം പച്ചരി 70 ശതമാനമാക്കി. പി.എം.ജി.കെ.എ.വൈ പ്രകാരം വിതരണം ചെയ്യാൻ എഫ്.സി.ഐ ഗോഡൗണുകളിൽ എത്തിയത് മുഴുവൻ പച്ചരിയാണ്. മാർച്ച് വരെ ഇതേനില തുടരും.
റേഷൻകടകളിൽനിന്ന് പുഴുക്കലരി കിട്ടാതാകുന്നതോടെ സാധാരണക്കാർ പൊതുവിപണിയിൽനിന്ന് കൂടുതൽ വില നൽകി അരി വാങ്ങേണ്ട അവസ്ഥയാണ്. പൊതുവിപണിയിൽ അരിവില കുത്തനെ ഉയരാൻ കേന്ദ്രനടപടി ഇടയാക്കും. കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പ്പിനുമുള്ള സാധ്യതയും കൂടും. സ്വകാര്യ മില്ലുകളെ സഹായിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്.