കണ്ണൂരില്‍ യുവസംരംഭകന്‍ ആത്മഹത്യ ചെയ്തത് ബ്ലേഡ് മാഫിയയുടെ പീഡനത്തെ തുടര്‍ന്നെന്ന് പരാതി. കണ്ണൂരില്‍ ചാലാട്ട് സ്വദേശി സന്തോഷ് കുമാറിന്റെ മരണത്തിലാണ് ബന്ധുക്കള്‍ ആരോപണവുമായി രംഗത്തെത്തിയത്.പലിശ സംഘത്തിന്റെ ഭീഷണിയും മാനസിക സമ്മര്‍ദവും സന്തോഷ് കുമാര്‍ നേരിട്ടിരുന്നെന്ന് ഭാര്യ പ്രിന്‍സി പറഞ്ഞു. പണം തിരിച്ചുനല്‍കിയിട്ടും കേസില്‍ കുടുക്കാന്‍ ശ്രമിച്ചു. പൊലീസിനെ സമീപിച്ചെങ്കിലും നീതി ലഭിച്ചില്ലെന്ന സന്തോഷ് കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരുന്നു.സന്തോഷേട്ടന്റെ കടയിലെത്തി അവര്‍ നിരന്തരം പ്രശ്‌നമുണ്ടാക്കുമായിരുന്നു. നിന്റെയും നിന്റെ ഭാര്യയുടെയും ചെക്ക് ഞങ്ങളുടെ കൈയിലുണ്ട്. അതുവെച്ച് കളിച്ചോളാം എന്നൊക്കെ പറഞ്ഞു. ഈ വിവരങ്ങളെല്ലാം വ്യക്തമാക്കിയാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല’. പ്രിന്‍സി പറഞ്ഞു.ഈ മാസം 19നാണ് ചാലാട് സ്വദേശിയായ സന്തോഷ് കുമാര്‍ വളപട്ടണം പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്.കേരളത്തിലുടനീളം എക്‌സിബിഷനുകള്‍ സംഘടിപ്പിക്കുന്നതായായിരുന്നു സന്തോഷിന്റെ സംരംഭം. കടയുടെ ആവശ്യത്തിനായി പത്ത് ലക്ഷം രൂപ പലിശയ്ക്ക് വായ്പയെടുത്തിരുന്നു. പണം കൈമാറുന്ന സമയത്ത് സന്തോഷിന്റെയും ഭാര്യയുടെയും പേരിലുള്ള രണ്ട് ബ്ലാങ്ക് ചെക്കുകള്‍ പലിശക്കാര്‍ക്ക് നല്‍കിയിരുന്നു. കടം വാങ്ങിയ പണം തിരികെ നല്‍കിയെങ്കിലും ചെക്ക് തിരിച്ചുനല്‍കാന്‍ വായ്പക്കാര്‍ തയ്യാറായില്ല. പണം തിരിച്ചടച്ചതിന്റെ രേഖകള്‍ എല്ലാം കൈവശമുണ്ടായിട്ടും പൊലീസ് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.